പത്തനംതിട്ട: കുട്ടികൾക്ക് നേരെ ക്രൂര മർദനം നടന്നെന്ന പരാതിയെ തുടർന്ന് പത്തനംതിട്ട ഓമല്ലൂരിലെ എലോഹിം വർഷിപ്പ് സെന്ററിൽ സംഘർഷാവസ്ഥ. സ്ഥാപനത്തിൽ താമസിക്കുന്ന പ്രായപൂർത്തിയാകാത്ത കുട്ടികളെ മാനേജരും ജീവനക്കാരും മർദിച്ചെന്ന ആരോപണത്തെ തുടർന്ന് ബിജെപി പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു.
ഞായറാഴ്ച രാവിലെ നടന്ന പ്രതിഷേധത്തിനിടെ ബിജെപി പ്രവർത്തകർ പ്രാർത്ഥനാ കേന്ദ്രത്തിലേക്ക് ഇരച്ചുകയറി. കുട്ടികളെ പീഡിപ്പിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധ മാർച്ചും കേന്ദ്രം ഉപരോധിക്കലും. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ പോലീസിന് ഏറെ പ്രയാസപ്പെടേണ്ടി വന്നു. പ്രതിഷേധക്കാർ കേന്ദ്രത്തിനകത്തേക്ക് പ്രവേശിക്കാൻ ശ്രമിച്ചതോടെ പോലീസും പ്രവർത്തകരും തമ്മിൽ ഉന്തുംതള്ളുമുണ്ടായി.
17 വയസ്സുള്ള കുട്ടികളെ മാനേജരും ജീവനക്കാരും ചേർന്ന് മർദിച്ചെന്നാണ് പരാതി. മർദനത്തിന് ഇരയായതായി കുട്ടികൾ പോലീസിന് മൊഴി നൽകിയിട്ടുണ്ടെന്നാണ് വിവരം.
അതേസമയം, ആരോപണങ്ങൾ നിഷേധിച്ച് പാസ്റ്റർ ബിനു രംഗത്തെത്തി. വ്യക്തിവിരോധത്തിന്റെ ഭാഗമായാണ് തനിക്കെതിരെ ആരോപണങ്ങൾ ഉയർത്തുന്നതെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. പരാതികൾക്ക് പിന്നിൽ ഗൂഢലക്ഷ്യങ്ങളുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
സംഭവത്തിൽ പാസ്റ്റർ ബിനുവിന്റെ ഭാര്യ ശാലുവും പ്രതികരിച്ചു. കുട്ടികൾ തമ്മിലുണ്ടായ തർക്കങ്ങളാണ് ഇപ്പോഴത്തെ വിവാദങ്ങൾക്ക് കാരണമെന്ന് അവർ പറഞ്ഞു. ജീവനക്കാർ കുട്ടികളെ മർദിച്ചിട്ടില്ലെന്നും, വിഷയത്തെ ചുറ്റിപ്പറ്റി ഗൂഢാലോചന നടക്കുന്നുണ്ടെന്നും അവർ ആരോപിച്ചു.
ഞായറാഴ്ച പ്രാർത്ഥനയ്ക്കായി എത്തിയ വിശ്വാസികളും പ്രതിഷേധക്കാരും തമ്മിൽ സംഘർഷമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് പോലീസ് കനത്ത സുരക്ഷ ഒരുക്കിയിരുന്നു. പ്രാർത്ഥനാ പുസ്തകങ്ങളുമായി എത്തിയ വിശ്വാസികളെ പ്രതിഷേധക്കാർ തടയാൻ ശ്രമിച്ചെങ്കിലും പോലീസിന്റെ സംരക്ഷണത്തിൽ അവർ കേന്ദ്രത്തിനകത്ത് പ്രവേശിച്ചു.
ആരാധനാ സ്വാതന്ത്ര്യം ഭരണഘടന ഉറപ്പുനൽകുന്ന അവകാശമാണെന്നും, ആരെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അതിനെ നിയമപരമായി നേരിടണമെന്നും വിശ്വാസികൾ പ്രതികരിച്ചു.
സംഭവത്തിൽ സാമൂഹിക നീതി വകുപ്പും പോലീസും അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. നേരത്തെ വിശദീകരണം തേടി സാമൂഹിക നീതി വകുപ്പ് വിളിച്ചെങ്കിലും പാസ്റ്റർ ബിനു ഹാജരായിരുന്നില്ല.




