തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ് ഷെഡിങ് വ്യാപകമല്ലെങ്കിലും നിലവിലെ സാഹചര്യം ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതാണെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് പറഞ്ഞു. പ്രത്യേകിച്ച് ഫുട്ബോൾ ആരാധകർ നേരിടുന്ന പ്രയാസങ്ങൾ മനസ്സിലാക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഉഷ്ണതരംഗവും മഴക്കുറവും മൂലമാണ് നിലവിലെ വൈദ്യുതി പ്രതിസന്ധിയെന്ന് മന്ത്രി പറഞ്ഞു. ജലസംഭരണികളിലെ ജലനിരപ്പ് കുറഞ്ഞതും വൈദ്യുതി ലഭ്യത കുറയാൻ കാരണമായിട്ടുണ്ട്. നേരത്തെ വാങ്ങിയ വൈദ്യുതി തിരികെ നൽകേണ്ട ബാധ്യതയും നിലവിലെ സാഹചര്യത്തെ ബാധിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇത് സർക്കാരിന്റെ വീഴ്ചയല്ലെന്നും രാജ്യത്താകമാനം മഴ കുറഞ്ഞ സാഹചര്യമാണ് പ്രതിസന്ധിക്ക് കാരണമായതെന്നും മന്ത്രി പറഞ്ഞു. കേരളത്തിലും പ്രതീക്ഷിച്ചതിലും കുറവ് മഴയാണ് ലഭിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
വൈദ്യുതി മീറ്റർ മാറ്റുന്നതുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പുമായുള്ള കരാറിൽ ചട്ടലംഘനമുണ്ടോയെന്ന് പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു.
കെപിസിസി അധ്യക്ഷ സ്ഥാനം സംബന്ധിച്ച ചോദ്യങ്ങൾക്കും സണ്ണി ജോസഫ് മറുപടി നൽകി. മന്ത്രിസ്ഥാനവും പാർട്ടി അധ്യക്ഷസ്ഥാനവും ഒരുമിച്ച് വഹിക്കുന്നതിലെ ബുദ്ധിമുട്ട് നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും, മാറിനിൽക്കാൻ നിർദേശിച്ചാൽ അപ്പോൾ തന്നെ മാറുമെന്നും അദ്ദേഹം പറഞ്ഞു. ഫ്ലെക്സ് ബോർഡുകൾ സ്ഥാപിക്കുന്നതിന് പിന്നിൽ ആരാണെന്ന് അറിയില്ലെന്നും വിഷയത്തിൽ പാർട്ടി വേദികളിൽ അഭിപ്രായം അറിയിക്കാമെന്നും കൂട്ടിച്ചേർത്തു.
അതേസമയം, വീര്യം കുറഞ്ഞ മദ്യത്തിനായുള്ള പുതിയ നികുതി ഘടനയെക്കുറിച്ചുള്ള ചോദ്യത്തിന് മന്ത്രി വ്യക്തമായ മറുപടി നൽകിയില്ല. “അത് ഞാൻ കഴിച്ച് നോക്കിയിട്ടില്ല” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.




