ചെന്നൈ: ക്ഷേത്രങ്ങളുടെ ഫണ്ട് ഉപയോഗിച്ച് നടത്താൻ ഉദ്ദേശിച്ചിരുന്ന 246 കോടി രൂപയുടെ വികസന പദ്ധതികൾ സർക്കാർ റദ്ദാക്കി. ക്ഷേത്രങ്ങളുടെ വരുമാനം ആഡംബരമോ വാണിജ്യ ആവശ്യങ്ങൾക്കോ ഉപയോഗിക്കരുതെന്നും, അത് ക്ഷേത്രങ്ങളുടെ നവീകരണത്തിനും ഭക്തർക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും മാത്രമായി ഉപയോഗിക്കണമെന്നും സർക്കാർ വ്യക്തമാക്കി.
ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്മെന്റ് വകുപ്പിന് കീഴിൽ നടപ്പാക്കാനിരുന്ന 46 പദ്ധതികളാണ് റദ്ദാക്കിയത്. ഇതിൽ 115.77 കോടി രൂപ ചെലവിൽ നിർമ്മിക്കാനിരുന്ന 29 വിവാഹ മണ്ഡപങ്ങളും, 130.08 കോടി രൂപയുടെ 17 വാണിജ്യ സമുച്ചയങ്ങളും ഉൾപ്പെടുന്നു.
മുൻ സർക്കാരിന്റെ കാലത്ത് അനുമതി ലഭിച്ചിരുന്നെങ്കിലും ഈ പദ്ധതികൾ ഇതുവരെ ആരംഭിച്ചിരുന്നില്ല. ചില പദ്ധതികൾക്ക് നിയമപരമായ തടസ്സങ്ങൾ ഉണ്ടായിരുന്നതായും, അവ പൂർത്തിയാക്കുന്നത് ക്ഷേത്രങ്ങൾക്ക് സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്നുമാണ് സർക്കാരിന്റെ വിലയിരുത്തൽ.
വാണിജ്യ പദ്ധതികൾ ഒഴിവാക്കി ക്ഷേത്രങ്ങളുടെ പൈതൃക സംരക്ഷണത്തിനും ഭക്തരുടെ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും മുൻഗണന നൽകാനാണ് സർക്കാർ തീരുമാനം. ഇതിനെതിരെ പ്രതിപക്ഷം വിമർശനം ഉന്നയിച്ചിട്ടുണ്ട്. വിവാഹ മണ്ഡപങ്ങളും ഷോപ്പിംഗ് കോംപ്ലക്സുകളും ഭാവിയിൽ ക്ഷേത്രങ്ങൾക്ക് വരുമാനം നൽകുമെന്നതാണ് പ്രതിപക്ഷത്തിന്റെ വാദം. എന്നാൽ ക്ഷേത്ര സ്വത്ത് മതപരമായ ആവശ്യങ്ങൾക്കായി മാത്രം ഉപയോഗിക്കണമെന്ന നിലപാടിലാണ് സർക്കാർ മുന്നോട്ട് പോകുന്നത്. ക്ഷേത്ര വികസനത്തിനായി പുതിയ പദ്ധതികൾ ഉടൻ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷ.





