താരസംഘടനയായ ‘അമ്മ’യിൽ നിന്ന് നടി മല്ലികാ സുകുമാരൻ രാജിവെച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അവർ രാജിക്കാര്യം പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസം ‘അമ്മ’യുടെ അധ്യക്ഷ സ്ഥാനത്തുനിന്ന് രാജിവെച്ച ശ്വേതാ മേനോന് പിന്തുണ അറിയിച്ചുകൊണ്ടാണ് മല്ലികയുടെ പടിയിറക്കം.
“‘അമ്മ’യിൽ നിന്നും സ്നേഹപൂർവം പടിയിറങ്ങുന്നു… സത്യത്തിനൊപ്പം… ന്യായത്തിനൊപ്പം… ശ്വേതയ്ക്കൊപ്പം…” എന്നാണ് മല്ലികാ സുകുമാരൻ ഫേസ്ബുക്കിൽ കുറിച്ചത്. പോസ്റ്റിന് താഴെ നിരവധി പേരാണ് അവരുടെ തീരുമാനത്തെ അനുകൂലിച്ച് പ്രതികരണങ്ങളുമായി എത്തിയത്.
കഴിഞ്ഞ ദിവസം നടന്ന ‘അമ്മ’ ജനറൽ ബോഡി യോഗത്തിനിടെ ഉണ്ടായ കടുത്ത ഭിന്നതകൾക്ക് പിന്നാലെ ശ്വേതാ മേനോന്റെ നേതൃത്വത്തിലുള്ള ഭരണസമിതി ഒന്നടങ്കം രാജിവെച്ചിരുന്നു. ഇതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിച്ച മല്ലികാ സുകുമാരൻ ശ്വേതാ മേനോന് പരസ്യ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
ശ്വേതാ മേനോൻ രാജിവെക്കേണ്ട സാഹചര്യമല്ല ഉണ്ടായിരുന്നതെന്നും, പകരം ജനറൽ സെക്രട്ടറിയും ട്രഷററുമാണ് ഉത്തരവാദിത്തം ഏറ്റെടുത്ത് സ്ഥാനമൊഴിയേണ്ടിയിരുന്നതെന്നും മല്ലികാ സുകുമാരൻ അഭിപ്രായപ്പെട്ടിരുന്നു. അതിന് പിന്നാലെയാണ് സംഘടനയിൽ നിന്നുള്ള അവരുടെ രാജിയും പ്രഖ്യാപിച്ചത്.




