ചെന്നൈ: നിയമസഭയിൽ മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെയും മന്ത്രി ഉദയനിധി സ്റ്റാലിനെയും കടന്നാക്രമിച്ച് വിജയ്. കൊളത്തൂർ മണ്ഡലത്തിലെ സ്റ്റാലിന്റെ തോൽവി പരാമർശിച്ച് അദ്ദേഹം പരിഹാസം ഉന്നയിക്കുകയും മുൻ സർക്കാർ അഴിമതിയിൽ മുങ്ങിയിരുന്നുവെന്നും ആരോപിക്കുകയും ചെയ്തു. പൊതുപണം കൊള്ളയടിക്കുന്നവരെ വെറുതെ വിടില്ലെന്നും വിജയ് സഭയിൽ പറഞ്ഞു.
പ്രതിപക്ഷ പ്രതിഷേധത്തിനിടെ വിജയ് തന്റെ സിനിമാ ശൈലിയിലുള്ള രീതിയിൽ പ്രസംഗം തുടർന്നു. “ഒരു കുട്ടിക്കഥ പറയട്ടെ” എന്ന് പറഞ്ഞ് ഒരു കഥയിലൂടെ സ്റ്റാലിനെയും ഉദയനിധിയെയും പേരെടുത്ത് പറയാതെ പരിഹസിച്ചതായും റിപ്പോർട്ടുണ്ട്.
സംസ്ഥാനത്തിന്റെ ധനകാര്യ സ്ഥിതി സംബന്ധിച്ച ധവളപത്രത്തെ അടിസ്ഥാനമാക്കി മുൻ സർക്കാരിനെതിരെ അഴിമതി ആരോപണങ്ങളും അദ്ദേഹം ഉന്നയിച്ചു. മുൻ ഭരണകാലത്ത് പദവികൾ പണത്തിന് വിൽക്കപ്പെട്ടുവെന്നും, തന്റെ സർക്കാർ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ക്രമസമാധാന നില തകർന്നുവെന്ന പ്രതിപക്ഷ ആരോപണത്തിന് മറുപടിയായി, പുതിയ സർക്കാർ വെറും 40 ദിവസമാണ് പ്രവർത്തിക്കുന്നതെന്നും പഴയ പ്രശ്നങ്ങൾ പരിഹരിക്കാൻ സമയം വേണമെന്നും വിജയ് പറഞ്ഞു.
ഡിഎംകെ പാർട്ടി ഫണ്ട് സംബന്ധിച്ച ആരോപണങ്ങളും വിജയ് ഉന്നയിച്ചു. എല്ലാ അഴിമതിക്കേസുകളും അന്വേഷിച്ച് കുറ്റക്കാരെ വെറുതെ വിടില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. സിപിഎം, മുസ്ലിം ലീഗ് ഉൾപ്പെടെയുള്ള ചില പാർട്ടികൾ സ്വന്തം തീരുമാനപ്രകാരമാണ് ടിവികെയുമായി സഹകരിച്ചതെന്നും കുതിരക്കച്ചവടം നടത്തിയെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം വ്യക്തമാക്കി. സഭയിൽ സ്റ്റാലിന്റെ വൈറലായ കൈയംഗ്യം വിജയ് അനുകരിച്ചതും വലിയ ശ്രദ്ധ നേടി. ചർച്ചകൾ അവസാനിച്ചെന്ന സൂചന നൽകിയതായിരുന്നു ആ കൈയംഗ്യമെന്ന് നേരത്തെ സ്റ്റാലിൻ വിശദീകരിച്ചിരുന്നു.






