കൊല്ലം: കൊല്ലം പുതിയകാവ് ക്ഷേത്രത്തിലെ വിഗ്രഹത്തിൽ ചാർത്തിയിരുന്ന സ്വർണമാല മോഷ്ടിച്ച കേസിൽ സ്ത്രീ അടക്കം രണ്ടുപേർ പിടിയിൽ. തമിഴ്നാട് കള്ളക്കുറിച്ചി ജില്ലയിലെ ചിന്നസേലം സ്വദേശികളായ ശശികുമാർ (25), മഹാലക്ഷ്മി (60) എന്നിവരെയാണ് കൊല്ലം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം വൈകിട്ട് 7.30ഓടെ ക്ഷേത്ര കോംപൗണ്ടിൽ അതിക്രമിച്ച് കയറി ഏകദേശം 13 ഗ്രാം തൂക്കമുള്ള സ്വർണ്ണ ലോക്കറ്റോട് കൂടിയ മാല പ്രതികൾ മോഷ്ടിച്ചതായി പൊലീസ് അറിയിച്ചു.
ക്ഷേത്ര മാനേജർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചതോടെയാണ് പ്രതികൾ പിടിയിലായത്. മോഷ്ടിച്ച സ്വർണ്ണവുമായി കടന്നുകളയാൻ ശ്രമിക്കുന്നതിനിടെയാണ് അറസ്റ്റ് നടന്നതെന്ന് പൊലീസ് വ്യക്തമാക്കി. കൊല്ലം ഈസ്റ്റ് പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.





