ന്യൂഡൽഹി: ആഫ്രിക്കൻ രാജ്യങ്ങളിൽ എബോള രോഗബാധ പടരുന്ന സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ശക്തമാക്കി കേന്ദ്ര സർക്കാർ. എബോള ബാധിത രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് എത്തുന്ന യാത്രക്കാർ സമർപ്പിക്കേണ്ട സ്വയം സാക്ഷ്യപത്ര ഫോം ഇനി മുതൽ ‘എയർ സുവിധ’ ഓൺലൈൻ പോർട്ടൽ വഴി ലഭ്യമാകും.
മുൻപ് ഉപയോഗിച്ചിരുന്ന പേപ്പർ ഫോമുകൾ പൂർണ്ണമായും ഒഴിവാക്കി ഡിജിറ്റൽ സംവിധാനമാണ് നടപ്പാക്കുന്നത്. എബോള വ്യാപനത്തെ തുടർന്ന് ലോകാരോഗ്യ സംഘടന അന്താരാഷ്ട്ര ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇന്ത്യയുടെ നടപടി.
വിമാനത്താവളങ്ങളിൽ പേപ്പർ ഫോമുകൾ ലഭിക്കുന്നതിൽ ഉണ്ടായിരുന്ന ബുദ്ധിമുട്ടുകളും യാത്രക്കാരുടെ പരാതികളും പരിഗണിച്ചാണ് വ്യോമയാന മന്ത്രാലയവും ആരോഗ്യ മന്ത്രാലയവും ചേർന്ന് തീരുമാനം എടുത്തത്.
പുതിയ സംവിധാനപ്രകാരം യാത്രക്കാർ വിമാനത്തിൽ നിന്ന് ഇറങ്ങുന്നതിന് മുൻപ് തന്നെ മൊബൈൽ ഫോൺ ഉപയോഗിച്ച് ഡിജിറ്റൽ ഫോം പൂരിപ്പിക്കാം. ഇതിലൂടെ വിമാനത്താവളങ്ങളിലെ തിരക്ക് കുറയ്ക്കാനും യാത്രക്കാരുടെ ആരോഗ്യ വിവരങ്ങൾ കൃത്യമായി നിരീക്ഷിക്കാനും സാധിക്കും.






