ദോഹ: ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തിൽ നിന്ന് ഏഷ്യൻ പ്രതിനിധികളായ ഖത്തർ പുറത്തായി. ഗ്രൂപ്പ് ബിയിൽ ഒരു ജയവും നേടാൻ കഴിയാതിരുന്ന ഖത്തർ, സ്വിറ്റ്സർലാൻഡിനെതിരെ നേടിയ സമനിലയിലൂടെ ലഭിച്ച ഏക പോയിന്റുമായി നാലാം സ്ഥാനത്താണ്. അവസാന മത്സരത്തിൽ ഖത്തറിനെ 3-1ന് തോൽപ്പിച്ച് ബോസ്നിയ ഹെർസഗോവിന ഗ്രൂപ്പിൽ മൂന്നാം സ്ഥാനത്തെത്തി നോക്കൗട്ട് പ്രതീക്ഷകൾ നിലനിർത്തി.
പതിനെട്ടുകാരനായ കരിം അലാബെഗോവിച്ചാണ് ബോസ്നിയയുടെ ആദ്യ ഗോൾ നേടിയത്. ബോസ്നിയ ഹെർസഗോവിനക്കായി ലോകകപ്പ് കളിച്ച പ്രായം കുറഞ്ഞ താരമാണ് കൌമാരക്കാരനായ അലാബെഗോവിച്ച്. രണ്ടാം ഗോൾ ഖത്തർ താരത്തിന്റെ സെൽഫ് ഗോളായിരുന്നു. രാജ്യത്തിനായി നൂറ്റിയമ്പതാം മത്സരം കളിച്ച ബോസ്നിയ ക്യാപ്റ്റൻ എഡിൻ സെക്കോയുടെ ഷോട്ട്, ഖത്തർ ലെഫ്റ്റ് ബാക്ക് സുൽത്താൻ അൽ-ബ്രാക്കിന്റെ തുടയിൽ തട്ടി വഴിമാറി ഗോളിയെയും മറികടന്ന് വലയിൽ കയറുകയായിരുന്നു.
80-ാം മിനിറ്റിൽ എർമിൻ മാഹ്മിക് നേടിയ ഗോൾ ബോസ്നിയയുടെ വിജയം ഉറപ്പിച്ചു. മൂന്ന് മത്സരങ്ങളിൽ ഒരു പോയിന്റ് മാത്രം നേടിയ ഖത്തർ ഗ്രൂപ്പിൽ അവസാന സ്ഥാനത്താണ്.
അതേസമയം, ഗ്രൂപ്പ് ബിയിൽ സ്വിറ്റ്സർലാൻഡ് കാനഡയെ 2-1ന് തോൽപ്പിച്ച് ഗ്രൂപ്പ് ജേതാക്കളായി റൗണ്ട് ഓഫ് 32 ഉറപ്പിച്ചു. കാനഡയും ബോസ്നിയയും നാല് പോയിന്റ് വീതം നേടി തുല്യനിലയിലെത്തിയെങ്കിലും ഗോൾ ശരാശരിയിൽ കാനഡ രണ്ടാം സ്ഥാനത്തോടെ നോക്കൗട്ടിലേക്ക് മുന്നേറി.






