കോഴിക്കോട്: ഫയർഫോഴ്സിൽ യൂണിഫോം ധരിച്ചും ഔദ്യോഗിക വാഹനങ്ങളും ഉപകരണങ്ങളും ഉപയോഗിച്ചും റീൽസ് ചിത്രീകരിക്കുന്നത് നിരോധിച്ചു. ഫയർ ആൻഡ് റെസ്ക്യൂ സർവീസ് ഡയറക്ടർ ജനറലാണ് ഇതുസംബന്ധിച്ച നിർദേശം പുറപ്പെടുവിച്ചത്.
നിർദേശം ലംഘിച്ച് റീൽസ് ചിത്രീകരിക്കുന്ന ജീവനക്കാരെതിരെ വകുപ്പുതല നടപടികൾ സ്വീകരിക്കുമെന്നും ഉത്തരവിൽ പറയുന്നു. വകുപ്പിന്റെ സേവനങ്ങളെ പൊതുജനങ്ങൾക്ക് അറിയിക്കുന്നതിനും ബോധവൽക്കരണത്തിനും മാത്രമായി റീൽസ് ചിത്രീകരിക്കാമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
യൂണിഫോം ധരിച്ച് റീൽസ് ചിത്രീകരിക്കുന്നതിനെക്കുറിച്ച് പരാതികൾ ലഭിച്ചതിനെ തുടർന്നാണ് നടപടി. വകുപ്പിന്റെ വാഹനങ്ങളും ഉപകരണങ്ങളും ഉപയോഗിച്ച് സേവനവുമായി ബന്ധമില്ലാത്തതോ സേനയുടെ സൽപ്പേര് ബാധിക്കുന്നതോ ആയ റീൽസ് അനുവദനീയമല്ലെന്നും നിർദേശത്തിൽ പറയുന്നു.






