ജമ്മു: ജമ്മുവിൽ പൊലീസ് സ്റ്റേഷനിൽ അതിക്രമിച്ചു കയറി ആക്രമണം നടത്തിയെന്നാരോപിച്ച് കരസേനയിലെ കമാൻഡിങ് ഓഫീസർ ഉൾപ്പെടെ 40 ഓളം സൈനികർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. 17 രാഷ്ട്രീയ റൈഫിൾസിലെ കേണൽ എൻ. അരുൺ ഗാന്ധി, മേജർ വികാസ് ശർമ്മ, നായിബ് സുബേദാർ ശങ്കർ ഗുർഖേ എന്നിവരടക്കമാണ് കേസിൽ ഉൾപ്പെട്ടിരിക്കുന്നത്.
ഗതാഗത നിയമലംഘനത്തിന്റെ പേരിൽ ഒരു സൈനിക ഉദ്യോഗസ്ഥന്റെ സ്വകാര്യ വാഹനം പൊലീസ് പിടിച്ചെടുത്തതിനെ തുടർന്നാണ് സംഭവം ഉണ്ടായതെന്ന് പൊലീസ് പറയുന്നു. ഇതിനെ തുടർന്ന് ലാത്തി, ഇരുമ്പ് കമ്പി എന്നിവയുമായി എത്തിയ സംഘം പൊലീസ് സ്റ്റേഷനിലേക്ക് കയറി ആക്രമണം നടത്തിയതായാണ് എഫ്ഐആർ.
സംഭവത്തിൽ ഡിഎസ്പിയും എസ്‌എച്ച്ഒയും ഉൾപ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതായി റിപ്പോർട്ടുണ്ട്. ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരെ ആക്രമിക്കുകയും സ്റ്റേഷനിൽ നാശനഷ്ടം വരുത്തുകയും ചെയ്തുവെന്നാണ് പൊലീസ് ആരോപണം.
ഒരു സ്പെഷ്യൽ പൊലീസ് ഓഫീസറെ സർവീസ് റൈഫിൾ ഉപയോഗിച്ച് ആക്രമിച്ചതായും എഫ്ഐആറിൽ പറയുന്നു. നിരവധി പൊലീസ് ഉദ്യോഗസ്ഥർക്കും മറ്റുജനങ്ങൾക്കും പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ വധശ്രമം അടക്കമുള്ള ഗുരുതര വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്നും കരസേന വിഷയത്തിൽ സഹകരിക്കുമെന്നും അറിയിച്ചു.






