കുവൈത്ത് സിറ്റി: അടുത്ത ദിവസങ്ങളിൽ കുവൈത്തിൽ അതിശക്തമായ ചൂട് അനുഭവപ്പെടാൻ സാധ്യതയുണ്ടെന്ന് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി. താപനില 47 മുതൽ 55 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്നാണ് അറിയിപ്പ്.
താഴ്ന്ന മർദ്ദ സംവിധാനത്തിന്റെ സ്വാധീനത്തിൽ രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും കാലാവസ്ഥയിൽ മാറ്റം ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു. പൗരന്മാരും പ്രവാസികളും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് സിവിൽ ഡിഫൻസ് അഭ്യർത്ഥിച്ചു.
വാഹനങ്ങളിൽ ചൂട് മൂലം അപകടസാധ്യതയുള്ള വസ്തുക്കൾ, സ്പ്രേ കാനുകൾ, പെർഫ്യൂമുകൾ, ബാറ്ററികൾ, പാനീയങ്ങൾ എന്നിവ സൂക്ഷിക്കരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. വാഹനങ്ങളുടെ വിൻഡോകൾ അല്പം തുറന്ന നിലയിൽ വയ്ക്കണമെന്നും നിർദേശമുണ്ട്.
ഇന്ധന ടാങ്കുകൾ പൂർണ്ണമായി നിറയ്ക്കുന്നത് ഒഴിവാക്കണമെന്നും, സാധ്യമെങ്കിൽ വൈകുന്നേരങ്ങളിൽ മാത്രം വാഹനങ്ങൾ പുറത്ത് പാർക്ക് ചെയ്യണമെന്നും അധികൃതർ നിർദേശിച്ചു. അനാവശ്യ യാത്രകൾ കുറയ്ക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്.
ദീർഘദൂര യാത്രകളിൽ വാഹന ടയറുകളിൽ അമിതഭാരം ഒഴിവാക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു. അതിശക്ത ചൂട് കാരണം പാമ്പ്, തേൾ തുടങ്ങിയ ജീവികൾ ആവാസ കേന്ദ്രങ്ങളിൽ നിന്ന് പുറത്തേക്ക് വരാൻ സാധ്യതയുള്ളതായും സിവിൽ ഡിഫൻസ് അറിയിച്ചു.
ജനങ്ങൾ ധാരാളം വെള്ളവും ദ്രാവകങ്ങളും കുടിക്കണമെന്നും ഗ്യാസ് സിലിണ്ടറുകൾ നേരിട്ട് സൂര്യപ്രകാശത്തിൽ വയ്ക്കരുതെന്നും നിർദേശമുണ്ട്. വൈദ്യുതി മീറ്ററുകളിൽ അമിതഭാരം ഒഴിവാക്കണമെന്നും, ഉച്ചക്കാലത്ത് അത്യാവശ്യമായ മുറികളിൽ മാത്രം എയർ കണ്ടീഷണർ ഉപയോഗിക്കണമെന്നും അധികൃതർ പറഞ്ഞു.
രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 3 മണിവരെ നേരിട്ട് സൂര്യപ്രകാശം ഒഴിവാക്കണമെന്ന് പ്രത്യേകിച്ച് മുന്നറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.






