കമ്മട്ടിപ്പാടം’ നഗരവികസനത്തിന്റെ മറവിൽ ഇല്ലാതാകുന്ന മനുഷ്യരുടെ കഥ പറഞ്ഞെങ്കിൽ, ‘അനന്തൻ കാട്’ അനന്തപുരിയുടെ രാഷ്ട്രീയ ഭൂമികയിൽ പതിറ്റാണ്ടുകളായി തുടരുന്ന രക്തരൂക്ഷിത അധികാരപ്പോരാട്ടങ്ങളുടെ കഥയാണ് അവതരിപ്പിക്കുന്നത്. അധികാര കേന്ദ്രങ്ങൾ ലാഭം കൊയ്യുമ്പോൾ കൊല്ലാനും മരിക്കാനും വിധിക്കപ്പെടുന്നത് സമൂഹത്തിന്റെ അടിത്തട്ടിലുള്ള സാധാരണ മനുഷ്യരാണ്. ആ യാഥാർഥ്യത്തിലേക്കാണ് ചിത്രം പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോകുന്നത്.
ഒരു രാഷ്ട്രീയ പാർട്ടിക്കായി ക്വട്ടേഷൻ ജോലികൾ ചെയ്യുന്ന കൃഷ്ണേട്ടൻ, തങ്കൻ, ജാക്സൺ, മുരളി എന്നിവരടങ്ങുന്ന സംഘത്തിലേക്കാണ് ശ്രീലങ്കൻ വേരുകളുള്ള വെട്രി എത്തിച്ചേരുന്നത്. ഈ അഞ്ചംഗ സംഘവും അവരുടെ സൗഹൃദവും സംഘർഷങ്ങളും സിനിമയുടെ പ്രധാന കരുത്തുകളിലൊന്നായി മാറുന്നു.
കൃഷ്ണേട്ടനായി ഇന്ദ്രൻസ് വീണ്ടും വിസ്മയിപ്പിക്കുന്നു. ചൂളം ഗാനമേള സംഘത്തിന്റെ നേതാവും ക്വട്ടേഷൻ സംഘത്തിന്റെ മാസ്റ്റർമൈൻഡുമായ കഥാപാത്രത്തെ അദ്ദേഹം അസാധാരണ മികവോടെ അവതരിപ്പിച്ചിട്ടുണ്ട്. ആക്ഷൻ രംഗങ്ങളിലും വൈകാരിക മുഹൂർത്തങ്ങളിലും ഒരുപോലെ തിളങ്ങുന്ന പ്രകടനമാണ് ആര്യയുടേത്. വെട്രിയായും മണി അണ്ണനായും ഇരട്ടമുഖങ്ങളുള്ള കഥാപാത്രത്തെ അദ്ദേഹം വിശ്വസനീയമാക്കുന്നു.
തങ്കനായി മുരളി ഗോപി ശക്തമായ പ്രകടനം കാഴ്ചവയ്ക്കുന്നു. കഥാപാത്രത്തിന്റെ മാനസിക സംഘർഷങ്ങൾ പ്രേക്ഷകരെ സ്പർശിക്കുന്ന തരത്തിലാണ് അവതരണം. മുരളിയായി ദേവ് മോഹനും ജാക്സണായി അപ്പാനി ശരത്തും ശ്രദ്ധേയരാകുന്നു. പ്രത്യേകിച്ച് മുരളിയുടെ നന്മയും മനുഷ്യസ്നേഹവും നിറഞ്ഞ സ്വഭാവം സിനിമ അവസാനിച്ച ശേഷവും ഓർമ്മയിൽ നിൽക്കും.
കെ.കെ. മേനോനായി വിജയരാഘവൻ വീണ്ടും തന്റെ വില്ലൻ കഥാപാത്രങ്ങളുടെ പട്ടികയിൽ മറ്റൊരു കരുത്തുറ്റ വേഷം കൂടി ചേർക്കുന്നു. തെലുങ്ക് താരം സുനിൽ അവതരിപ്പിച്ച പ്രതിനായക കഥാപാത്രവും ചിത്രത്തിന് കൂടുതൽ തീവ്രത നൽകുന്നു. സാബുമോന്റെ പൊലീസ് കഥാപാത്രവും പ്രേക്ഷക ശ്രദ്ധ നേടുന്നുണ്ട്.
സ്ത്രീ കഥാപാത്രങ്ങളിൽ ഏറ്റവും കൂടുതൽ സ്ക്രീൻ സ്പേസ് ലഭിക്കുന്നത് ശാന്തി അവതരിപ്പിച്ച കാർത്തിക്കാണ് . ജീവിതസാഹചര്യങ്ങളോട് പോരാടുന്ന ശക്തമായ സ്ത്രീ കഥാപാത്രത്തെ അവർ മികച്ച രീതിയിൽ അവതരിപ്പിച്ചിട്ടുണ്ട്. നിഖില വിമലിന്റെ കഥാപാത്രം സാന്നിധ്യത്തിനപ്പുറം കാര്യമായ സ്വാധീനം ചെലുത്തുന്നില്ല.
ഛായാഗ്രാഹകൻ എസ്. യുവയും എഡിറ്റർ രോഹിത് വാരിയത്തും ചിത്രത്തിന്റെ കഥപറച്ചിലിന് അനുയോജ്യമായ ദൃശ്യഭാഷ ഒരുക്കുന്നതിൽ വിജയിച്ചിട്ടുണ്ട്. ബി. അജനീഷ് ലോക്നാഥിന്റെ ഗാനങ്ങളും പശ്ചാത്തല സംഗീതവും കഥയുടെ താളം നിലനിർത്തുന്നുണ്ടെങ്കിലും അത്ര അസാധാരണ അനുഭവം സമ്മാനിക്കുന്നില്ല.
വലിയ ക്യാൻവാസിൽ കഥ പറയുന്ന മുരളി ഗോപിയുടെ രചന ചിത്രത്തിന്റെ പ്രധാന ആകർഷണമാണ്. മൂർച്ചയേറിയ സംഭാഷണങ്ങളും കഥാപാത്രങ്ങളുടെ ആന്തരിക സംഘർഷങ്ങളും സിനിമയെ കൂടുതൽ ആഴമുള്ളതാക്കുന്നു. എന്നാൽ, പലവട്ടം കണ്ട രാഷ്ട്രീയ-ഗ്യാങ്സ്റ്റർ ടെംപ്ലേറ്റിൽ നിന്ന് ചിത്രം പൂർണമായും പുറത്തുകടക്കുന്നില്ല എന്നത് ഒരു ചെറിയ പോരായ്മയാണ്.
എങ്കിലും, രാഷ്ട്രീയ പശ്ചാത്തലത്തിലുള്ള മാസ് ആക്ഷൻ സിനിമകൾ ഇഷ്ടപ്പെടുന്നവർക്ക് ‘അനന്തൻ കാട്’ മികച്ച അനുഭവം നൽകും. വേട്ടക്കാരനും ഇരയും തമ്മിലുള്ള ശാശ്വത പോരാട്ടം പുതിയ പശ്ചാത്തലത്തിലും കഥാപാത്രങ്ങളിലൂടെയും അവതരിപ്പിക്കുന്ന ചിത്രം, ബാഹ്യ സംഘർഷങ്ങൾക്കൊപ്പം മനുഷ്യരുടെ ഉള്ളിലെ ഭയവും നിസ്സഹായതയും പകർത്തുന്നു. ഒടുവിൽ ആരാണ് വിജയിച്ചതെന്ന് പറയാൻ കഴിയാത്ത ഒരു ചോരക്കളിയുടെ കഥയായി ‘അനന്തൻ കാട്’ പ്രേക്ഷക മനസ്സിൽ അവശേഷിക്കുന്നു.






