ഇടുക്കി: ഇടുക്കി മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയകൾക്ക് നിയന്ത്രണം. പോസ്റ്റ് ഓപ്പറേറ്റീവ് വാർഡിലെ അറ്റകുറ്റപ്പണികൾക്കായി ഓപ്പറേഷൻ തിയേറ്റർ ഭാഗികമായി അടയ്ക്കുന്നതിനെ തുടർന്നാണ് നടപടി. ഇതോടെ അടിയന്തര ശസ്ത്രക്രിയ ആവശ്യമായ രോഗികളെ എറണാകുളം, കോട്ടയം മെഡിക്കൽ കോളേജുകളിലേക്ക് മാറ്റേണ്ടിവരുമെന്നാണ് വിവരം. ജൂലൈ ഒന്ന് മുതൽ ശസ്ത്രക്രിയകളുടെ എണ്ണം നിയന്ത്രിക്കാനും നിർദേശം നൽകിയിട്ടുണ്ട്.
നിലവിൽ ആശുപത്രിയിലെ ഓപ്പറേഷൻ തിയേറ്റർ പഴയ കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. പുതിയ കെട്ടിടത്തിലെ അഞ്ച് ഓപ്പറേഷൻ തിയേറ്ററുകൾ ഇതുവരെ പ്രവർത്തനസജ്ജമായിട്ടില്ല. പാനലിംഗ്, വയറിംഗ്, ഓക്സിജൻ കണക്ഷൻ തുടങ്ങിയ അടിസ്ഥാന ജോലികൾ പൂർത്തിയായിട്ടില്ലെന്നാണ് റിപ്പോർട്ട്. കെട്ടിട നിർമ്മാണം പൂർത്തിയായി അഞ്ച് വർഷം കഴിഞ്ഞിട്ടും പുതിയ ഓപ്പറേഷൻ തിയേറ്ററുകൾ പ്രവർത്തനക്ഷമമല്ലാത്തത് ആശങ്കയാണെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.






