പാലക്കാട്: ഡിവൈഎഫ്ഐ നേതാക്കൾ ഗൗരവം നഷ്ടപ്പെടുത്തി പ്രവർത്തിക്കരുതെന്ന വിമർശനം പാലക്കാട് ജില്ലാ സമ്മേളനത്തിൽ ഉയർന്നു. സംഘടനയുടെ സംസ്ഥാന, അഖിലേന്ത്യാ നേതൃത്വത്തിനെതിരെയാണ് പ്രധാനമായും വിമർശനം ഉന്നയിച്ചത്.
യുവജനങ്ങളെ ആകർഷിക്കാനുള്ള പേരിൽ നടക്കുന്ന ചില ചർച്ചകളിൽ പങ്കെടുക്കുന്നത് ഒഴിവാക്കി ഗൗരവമുള്ള ചാനൽ ചർച്ചകളിലും വിഷയങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് സമ്മേളനത്തിൽ നിർദേശം ഉയർന്നു.
കഴിഞ്ഞ പത്ത് വർഷമായി ഡിവൈഎഫ്ഐ എൽഡിഎഫ് സർക്കാരിന്റെ പി.ആർ. ടീമിനെപ്പോലെ പ്രവർത്തിച്ചുവെന്നും ഗൗരവമുള്ള സമരങ്ങളിൽ നിന്ന് വിട്ടുനിന്നത് സംഘടനയ്ക്ക് തിരിച്ചടിയായെന്നും സമ്മേളനത്തിൽ വിമർശനം ഉണ്ടായി.
സിപിഒ റാങ്ക് ലിസ്റ്റ് സംരക്ഷണ സമരം ഉൾപ്പെടെ ചില പോരാട്ടങ്ങളിൽ ഡിവൈഎഫ്ഐയുടെ പങ്കാളിത്തം കുറഞ്ഞതായി ആരോപിച്ചു. അതേസമയം, ചില സമരങ്ങൾ ഇപ്പോൾ എസ്എഫ്ഐ ഏറ്റെടുത്ത് നടത്തുന്നതായും ചൂണ്ടിക്കാട്ടി. സംഘടനയിലെ ചില നേതാക്കൾ അവസരവാദ രാഷ്ട്രീയ നിലപാടുകൾ സ്വീകരിക്കുന്നുവെന്നും സമ്മേളനത്തിൽ വിമർശനം ഉയർന്നതായി റിപ്പോർട്ടിൽ പറയുന്നു.






