താനെ: മഹാരാഷ്ട്രയിൽ വീണ്ടും അധ്യാപക യോഗ്യതാ പരീക്ഷ (ടെറ്റ്) ചോദ്യപ്പേപ്പർ ചോർന്ന സംഭവത്തിൽ ഞായറാഴ്ച നടത്താനിരുന്ന പരീക്ഷ അടിയന്തരമായി മാറ്റിവെച്ചു. സംസ്ഥാനത്തുടനീളമുള്ള 1,028 പരീക്ഷാകേന്ദ്രങ്ങളിലായി നടത്താനിരുന്ന പരീക്ഷയ്ക്ക് വെറും 24 മണിക്കൂർ മുമ്പാണ് ചോദ്യപ്പേപ്പർ ചോർന്നതായി കണ്ടെത്തിയത്.
ശനിയാഴ്ച പുലർച്ചെ ഭീവണ്ടി പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിലാണ് സീൽ ചെയ്ത ടെറ്റ് ചോദ്യപ്പേപ്പർ പാക്കറ്റിലെ ചില പേജുകൾ ചിലരുടെ കൈവശം കണ്ടെത്തിയത്. തുടർന്ന് മഹാരാഷ്ട്ര സംസ്ഥാന പരീക്ഷാ കൗൺസിൽ ഉദ്യോഗസ്ഥർ പരിശോധന നടത്തി, കണ്ടെത്തിയത് ഔദ്യോഗിക ചോദ്യപ്പേപ്പറാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ ഭീവണ്ടി പോലീസ് സ്റ്റേഷനിൽ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. താനെ മേഖലയിലാണ് ചോദ്യപ്പേപ്പർ ചോർന്നതെന്നാണ് പ്രാഥമിക വിവരം. സംഭവവുമായി ബന്ധപ്പെട്ട് നിരവധി പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെങ്കിലും അവരുടെ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.
സംസ്ഥാനത്തുടനീളം ഏകദേശം 4.28 ലക്ഷം ഉദ്യോഗാർഥികളാണ് ഞായറാഴ്ച പരീക്ഷ എഴുതാൻ തയ്യാറെടുത്തിരുന്നത്. പരീക്ഷ അവസാന നിമിഷം മാറ്റിവെച്ചത് ലക്ഷക്കണക്കിന് ഉദ്യോഗാർഥികളെ പ്രതിസന്ധിയിലാക്കി. പരീക്ഷയുടെ പുതിയ തീയതിയും മറ്റ് വിശദാംശങ്ങളും പിന്നീട് കൗൺസിലിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ അറിയിക്കുമെന്ന് അധികൃതർ അറിയിച്ചു.
കഴിഞ്ഞ വർഷവും കോലാപ്പൂരിൽ സമാനരീതിയിൽ ടെറ്റ് ചോദ്യപ്പേപ്പർ ചോർന്നിരുന്നു. അതിന് പിന്നാലെയാണ് വീണ്ടും സമാന സംഭവം ആവർത്തിക്കുന്നത്. അതേസമയം, പരീക്ഷ റദ്ദാക്കിയതുമായി ബന്ധപ്പെട്ട് ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് നാഗ്പൂർ ജില്ലാ പ്രൈമറി വിദ്യാഭ്യാസ ഓഫീസർ നീലേഷ് ഗുണ്ഡ് അറിയിച്ചു. സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലെ സ്ഥിതിഗതികളെക്കുറിച്ചും സ്ഥിരീകരിച്ച വിവരങ്ങൾ ലഭ്യമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ചോദ്യപ്പേപ്പർ എങ്ങനെ ചോർന്നു, ഇതിന് പിന്നിൽ കൂടുതൽ ആളുകളോ സംഘങ്ങളോ പ്രവർത്തിച്ചിട്ടുണ്ടോയെന്നതടക്കമുള്ള കാര്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.








