കോഴിക്കോട്: എ എ റഹീം എംപിക്കെതിരെ വ്യാജ ഫേസ്ബുക്ക് പോസ്റ്റ് പ്രചരിപ്പിച്ചെന്ന പരാതിയിൽ കോൺഗ്രസ് പ്രവർത്തകനെതിരെ പൊലീസ് കേസെടുത്തു. കോഴിക്കോട് പേരാമ്പ്ര സ്വദേശിയായ ആദം കുട്ടിക്കെതിരെയാണ് കേസെടുത്തത്.
കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് ലഭിക്കുന്ന സൗജന്യ യാത്ര ഡിവൈഎഫ്‌ഐ തടയുമെന്ന തരത്തിലുള്ള വ്യാജ പോസ്റ്റാണ് പ്രചരിപ്പിച്ചതെന്ന് പരാതിയിൽ പറയുന്നു. എ എ റഹീമിന്റെ ഫോട്ടോ ഉൾപ്പെടുത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച പോസ്റ്റിനെതിരെയാണ് നടപടി. ഈ മാസം 12-നാണ് വ്യാജ പോസ്റ്റ് പ്രചരിച്ചത്. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.
മുൻപും എ എ റഹീം എംപിക്കെതിരെ വ്യാജ പോസ്റ്റ് പ്രചരിപ്പിച്ചതിന് പൊലീസ് കേസെടുത്തിരുന്നു. കാഫിര്‍ സ്‌ക്രീന്‍ഷോട്ട് നിര്‍മിക്കാന്‍ ആഹ്വാനം ചെയ്തത് റഹീമാണെന്ന് പ്രതി ജിതിന്‍ ഭാസ്‌കര്‍ മൊഴി നല്‍കിയെന്നും വ്യാജ പ്രചരണമുണ്ടായി. വിവിധ ഫേസ്ബുക്ക് അക്കൗണ്ടുകളിൽ നിന്നുള്ള പോസ്റ്റുകളെ തുടർന്ന് നേരത്തെയും കേസുകൾ പോലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.








