ചെന്നൈ: തമിഴ്‌നാട് സർക്കാരിന്റെ പ്രത്യേക പ്രതിനിധിയായി ചലച്ചിത്ര നിർമാതാവ് കെ. വെങ്കട നാരായണയെ നിയമിച്ചതിനെതിരെ പ്രതിപക്ഷ കക്ഷികളിൽനിന്ന് രൂക്ഷവിമർശനം. കർണാടകയിൽ നിന്നുള്ള ഒരാളെ ഈ സ്ഥാനത്ത് നിയമിച്ചതാണ് വിവാദമായത്.
ബെംഗളൂരു ആസ്ഥാനമായ റിയൽ എസ്റ്റേറ്റ് ഗ്രൂപ്പിന്റെ മുൻ മേധാവിയും, നടൻ വിജയ് നായകനായ ‘ജനനായകൻ’ സിനിമയുടെ നിർമ്മാതാവുമായ കെവിഎൻനെയാണ് കാബിനറ്റ് പദവിയോടെ ഡൽഹിയിലെ തമിഴ്‌നാട് പ്രതിനിധിയായി നിയമിച്ചത്. കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ പദ്ധതികളും ആവശ്യങ്ങളും മുന്നോട്ട് കൊണ്ടുപോകുകയാണ് ഈ പദവിയുടെ ചുമതല.
തമിഴ്‌നാട്ടിൽ യോഗ്യരായ ആളുകൾ ഇല്ലാത്തതുകൊണ്ടാണോ പുറത്തുനിന്നുള്ളയാളെ നിയമിച്ചതെന്ന് പ്രതിപക്ഷ നേതാക്കൾ ചോദിച്ചു. ഡിഎംകെ നേതാവ് കനിമൊഴി, ബിജെപി സംസ്ഥാന അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ, എൻടികെ നേതാവ് സീമാൻ, എഎംഎംകെ ജനറൽ സെക്രട്ടറി ടിടിവി ദിനകരൻ എന്നിവരും നിയമനത്തെ വിമർശിച്ചു. അതേസമയം, സർക്കാർ തീരുമാനം നയപരമായതാണെന്നും ഏതൊരു ഇന്ത്യൻ പൗരനെയും ഈ സ്ഥാനത്ത് നിയമിക്കാമെന്നും മന്ത്രി കെ.എ. സെങ്കോട്ടയ്യൻ വ്യക്തമാക്കി.






