കോഴിക്കോട്: ഹേമചന്ദ്രൻ കൊലക്കേസിലെ ആറാം പ്രതിയായ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ സ്വദേശിനിയായ ലീബയാണ് കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് പിടിയിലായത്. ഇവർക്കെതിരെ നേരത്തെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
അറസ്റ്റ് രേഖപ്പെടുത്തുന്നതിനായി പ്രതിയെ മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകും. തുടർന്ന് ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കുമെന്നാണ് പോലീസ് അറിയിച്ചത്.
കേസിലെ മറ്റ് പ്രതികൾ അറസ്റ്റിലായ സമയത്ത് ലീബ വിദേശത്തായിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി നാട്ടിലെത്തി ഹാജരാകാൻ പോലീസ് നിർദേശിച്ചിരുന്നെങ്കിലും അവർ അന്വേഷണ സംഘത്തോട് സഹകരിച്ചിരുന്നില്ലെന്നാണ് വിവരം.
2024 ഏപ്രിൽ ഒന്നിനാണ് സുൽത്താൻ ബത്തേരി സ്വദേശിയായ ഹേമചന്ദ്രനെ കാണാതായതായി പരാതി ലഭിച്ചത്. ഹണിട്രാപ്പിലൂടെ പണം തട്ടിയെടുത്ത ശേഷം ഹേമചന്ദ്രനെ മുഖ്യപ്രതിയുടെ അടുത്തെത്തിച്ചത് ലീബയാണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ലീബയും ഹേമചന്ദ്രനും തമ്മിലുള്ള ഫോൺ സംഭാഷണങ്ങളുടെ രേഖകളും പോലീസിന് ലഭിച്ചിരുന്നു.
2024 മാർച്ചിലാണ് ഹേമചന്ദ്രനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതെന്നാണ് കേസ്. ജൂൺ 28-ന് വയനാട് ചേരമ്പാടി വനമേഖലയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കള്ളപ്പണ ഇടപാടുകളും വാഹനമോഷണവും ഉൾപ്പെടെയുള്ള സാമ്പത്തിക ഇടപാടുകളാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസിന്റെ നിഗമനം.
ക്രൂരമായി മർദിച്ചശേഷം കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഹേമചന്ദ്രൻ ആത്മഹത്യ ചെയ്തതാണെന്നും മൃതദേഹം മറവ് ചെയ്തതാണെന്നുമായിരുന്നു മുഖ്യപ്രതി നൗഷാദിന്റെ ആദ്യമൊഴി. എന്നാൽ കൊലപാതകം നൗഷാദിന്റെ നേതൃത്വത്തിൽ ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണെന്ന് അന്വേഷണത്തിൽ പോലീസ് കണ്ടെത്തുകയായിരുന്നു.






