ജയ്പൂർ: രാജസ്ഥാനിലെ ശ്രീ ഗംഗാനഗറിൽ 13 വയസുകാരിയെ അഞ്ച് ദിവസത്തിനിടെ 30-ത്തിലധികം പേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തതായി പരാതി. റിക്ഷാ തൊഴിലാളി കുട്ടിയെ തട്ടിക്കൊണ്ടുപോയി ഹോട്ടലുടമയ്ക്ക് വിറ്റതിനെ തുടർന്നാണ് ക്രൂരത നടന്നതെന്ന് പോലീസ് അറിയിച്ചു.
പിന്നീട് കുട്ടിയെ വിവിധ ഹോട്ടലുകളിലേക്ക് കൊണ്ടുപോയി പലർക്കും കൈമാറി പീഡിപ്പിച്ചതായാണ് പ്രാഥമിക വിവരം. പ്രതികൾ കുട്ടിയെ ബലമായി മദ്യം കുടിപ്പിച്ച ശേഷമാണ് പീഡനത്തിന് ഇരയാക്കിയത്.
സംഭവവുമായി ബന്ധപ്പെട്ട് ഹോട്ടലുടമകളും മാനേജർമാരുമടക്കം ചിലരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കുട്ടിയെ കാണാതായതിനെ തുടർന്ന് അമ്മ നൽകിയ പരാതിയെ തുടർന്ന് അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് കുട്ടി തിരികെ വീട്ടിലെത്തിയത്.
പീഡനത്തിന് ശേഷം കുട്ടിയെ വഴിയിൽ ഉപേക്ഷിച്ചതാകാമെന്ന് പോലീസ് സംശയിക്കുന്നു. കൂടുതൽ പ്രതികളെ കണ്ടെത്താൻ അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
അതേസമയം സംഭവത്തിൽ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്. പ്രദേശത്ത് അനധികൃതമായി പ്രവർത്തിക്കുന്ന നിരവധി ഹോട്ടലുകൾ ഉണ്ടെന്നും അവ അടച്ചുപൂട്ടണമെന്നുമാണ് കോൺഗ്രസിന്റെ ആവശ്യം. പ്രതികൾക്ക് വധശിക്ഷ നൽകണമെന്നാണ് കരൺപൂരിലെ കോൺഗ്രസ് എംഎൽഎ രൂപീന്ദ്ര സിങ് കുന്നാർ ആവശ്യപ്പെട്ടു.
കേസിൽ കർശന നടപടി സ്വീകരിക്കാത്തപക്ഷം ശക്തമായ പ്രതിഷേധം നടത്തുമെന്ന് പ്രതിപക്ഷം മുന്നറിയിപ്പ് നൽകി. ഭരണ സംവിധാനത്തിന്റെയും പോലീസിന്റെയും ഗുരുതര പരാജയമാണിതെന്നും ഉത്തരവാദിത്തം ഏറ്റെടുത്ത് ബന്ധപ്പെട്ടവർ രാജിവെക്കണമെന്നും അവർ ആവശ്യപ്പെട്ടു.






