തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ കണ്ണൂർ, കാസർകോട് ജില്ലകളിൽ അതിശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പായി ഓറഞ്ച് അലർട്ട് തുടരും.
ഒറ്റപ്പെട്ട പ്രദേശങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും ഇടിമിന്നലോട് കൂടിയ മഴ പ്രതീക്ഷിക്കാമെന്നും അധികൃതർ അറിയിച്ചു. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. നാളെ കാസർകോട്, കണ്ണൂർ ഒഴികെയുള്ള ജില്ലകളിലും യെല്ലോ അലർട്ട് തുടരും.
അറബിക്കടലിലും വടക്കൻ തെലങ്കാനയ്ക്ക് സമീപത്തുമായി രൂപപ്പെട്ട ചക്രവാതച്ചുഴികളുടെ സ്വാധീനഫലമായാണ് സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നത്. ജൂലൈ 3 വരെ കേരളം, മാഹി, ലക്ഷദ്വീപ് തീരങ്ങളിൽ മഴ തുടരുമെന്നും മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
കനത്ത മഴയിൽ ഇടുക്കിയിൽ മരങ്ങൾ വീണ് വീടുകൾക്ക് നാശനഷ്ടമുണ്ടായി. മണിയാറൻകുടിയിൽ അജയൻ രവിയുടെ വീടാണ് ഭാഗികമായി തകർന്നത്. അപകടസമയത്ത് വീട്ടുകാർ പുറത്തേക്ക് ഓടിയതിനാൽ വൻ ദുരന്തം ഒഴിവായി.




