തിരുവനന്തപുരം: ജൂലൈ മുതൽ ഡിസംബർ വരെ ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാൻ കെഎസ്ഇബിക്ക് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ അനുമതി. ഇതുസംബന്ധിച്ച ഉത്തരവും കമ്മീഷൻ പുറത്തിറക്കി.
അതേസമയം, കെഎസ്ഇബിയുടെ പ്രവർത്തനത്തിൽ കമ്മീഷൻ വിമർശനവും ഉന്നയിച്ചു. സോളാർ വൈദ്യുതി സംഭരിക്കുന്ന BESS പദ്ധതി വൈകുകയാണെന്നും പദ്ധതി നിരീക്ഷിക്കാൻ ഉദ്യോഗസ്ഥരെ നിയമിക്കണമെന്ന നിർദേശം പാലിച്ചില്ലെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടി.
വിവിധ സ്രോതസുകളിൽ നിന്ന് വാങ്ങിയ വൈദ്യുതിയുടെ വിവരങ്ങളും പവർ എക്‌സ്‌ചേഞ്ചിൽ നിന്ന് വാങ്ങിയ വൈദ്യുതിയുടെ കണക്കുകളും കെഎസ്ഇബി സമർപ്പിച്ചില്ലെന്നും കമ്മീഷൻ പറഞ്ഞു. അപേക്ഷയ്‌ക്കൊപ്പം ആവശ്യമായ വിവരങ്ങൾ നൽകുന്നതിൽ കെഎസ്ഇബി വീഴ്ച വരുത്തിയതായും ഉത്തരവിൽ പറയുന്നു.
ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങേണ്ടി വരുന്നതിൽ കമ്മീഷൻ ആശങ്ക പ്രകടിപ്പിച്ചു. അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ്ങിനെതിരെ പരാതികൾ ഉയരുന്ന സാഹചര്യത്തിൽ, വൈദ്യുതി മുടക്കത്തിന് കുറഞ്ഞത് ഒരു മണിക്കൂർ മുൻപെങ്കിലും ഉപഭോക്താക്കളെ അറിയിക്കണമെന്ന് കമ്മീഷൻ നിർദേശിച്ചു. മൺസൂൺ ശക്തമാകുന്ന സാഹചര്യത്തിൽ ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങേണ്ട സാഹചര്യം കുറയ്ക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
ജൂലൈ മുതൽ ഡിസംബർ വരെ 600 മുതൽ 1000 മെഗാവാട്ട് വരെ വൈദ്യുതി ക്ഷാമം ഉണ്ടാകുമെന്നാണ് കെഎസ്ഇബി നേരത്തെ അറിയിച്ചിരുന്നത്. യൂണിറ്റിന് 10 രൂപ വരെ നൽകിയാണ് വൈദ്യുതി വാങ്ങേണ്ടി വരുന്നതെന്നും ഇത് വലിയ സാമ്പത്തിക ബാധ്യത സൃഷ്ടിക്കുമെന്നും കെഎസ്ഇബി വ്യക്തമാക്കിയിരുന്നു.






