കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഹാൽദിയ പെട്രോകെമിക്കൽസ് ലിമിറ്റഡിൽ (HPL) നാഫ്ത പൈപ്പ്‌ലൈനിൽ ഉണ്ടായ തീപിടിത്തത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച പുലർച്ചെ നാലിനും അഞ്ചിനും ഇടയിലായിരുന്നു അപകടം. തീ അതിവേഗം പടർന്നതിനെ തുടർന്ന് 20 പേർക്ക് ഗുരുതരമായി പരിക്കേറ്റതായാണ് പ്രാഥമിക റിപ്പോർട്ടുകൾ. പരിക്കേറ്റവരെ ഹാൽദിയ സബ് ഡിവിഷണൽ ആശുപത്രിയിലും കൊൽക്കത്തയിലെ വിവിധ ആശുപത്രികളിലും പ്രവേശിപ്പിച്ചു.
പ്ലാന്റിന് സമീപത്തെ പൈപ്പ്‌ലൈനിൽ നിന്ന് അനധികൃതമായി നാഫ്ത മോഷ്ടിക്കാൻ നടത്തിയ ശ്രമത്തിനിടെ ചോർച്ചയുണ്ടായതും തുടർന്ന് തീപിടിത്തമുണ്ടായതുമാകാമെന്നാണ് കമ്പനിയുടെ പ്രാഥമിക വിശദീകരണം. എന്നാൽ അപകടത്തിന്റെ യഥാർഥ കാരണം കണ്ടെത്താൻ ബന്ധപ്പെട്ട അധികൃതരുമായി ചേർന്ന് വിശദമായ അന്വേഷണം തുടരുകയാണെന്നും കമ്പനി അറിയിച്ചു.
അതിജ്വലന ശേഷിയുള്ള പെട്രോളിയം ഉൽപന്നമായ നാഫ്ത ക്രൂഡ് ഓയിലിൽ നിന്ന് വേർതിരിച്ചെടുക്കുന്നതാണ്. ഇതിന്റെ വലിയൊരു പങ്ക് പെട്രോൾ നിർമ്മാണത്തിന് ഉപയോഗിക്കുന്നുണ്ടെങ്കിലും പ്ലാസ്റ്റിക്, പെട്രോകെമിക്കൽ, രാസവസ്തു വ്യവസായങ്ങളിലും നാഫ്ത പ്രധാന അസംസ്കൃത വസ്തുവാണ്. അതിവേഗം കത്തുകയും വായുവിലൂടെ എളുപ്പത്തിൽ വ്യാപിക്കുകയും ചെയ്യുന്ന ഹൈഡ്രോകാർബൺ ദ്രാവകമായതിനാൽ ചെറിയൊരു തീപ്പൊരി പോലും വലിയ തീപിടിത്തത്തിനും സ്‌ഫോടനത്തിനും കാരണമാകാൻ സാധ്യതയുണ്ട്.
പശ്ചിമ ബംഗാളിലെ പ്രധാന വ്യവസായ കേന്ദ്രങ്ങളിലൊന്നായ ഹാൽദിയയിലാണ് ഹാൽദിയ പെട്രോകെമിക്കൽസ് ലിമിറ്റഡ് പ്രവർത്തിക്കുന്നത്. കൊൽക്കത്തയിൽ നിന്ന് ഏകദേശം 125 കിലോമീറ്റർ അകലെയാണ് പ്ലാന്റ് സ്ഥിതി ചെയ്യുന്നത്. നാഫ്ത ഉൾപ്പെടെയുള്ള പെട്രോളിയം ഉൽപന്നങ്ങൾ കൈകാര്യം ചെയ്യുന്ന മേഖലകളിൽ അനധികൃത പ്രവേശനമോ മോഷണശ്രമങ്ങളോ അതീവ അപകടകരമാണെന്ന് കമ്പനി നേരത്തെയും പ്രദേശവാസികൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.






