തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിൽ കൂടുതൽ വിദേശ നിക്ഷേപത്തിന് വഴിയൊരുങ്ങുന്നു. അദാനി പോർട്ടുമായി സഹകരിച്ച് എംഎസ്സി ഗ്രൂപ്പ് വലിയ നിക്ഷേപ പദ്ധതി പ്രഖ്യാപിച്ചു. ഏകദേശം 13,000 കോടി രൂപയുടെ നിക്ഷേപമാണ് എം.എസ്.സി ഗ്രൂപ്പ് നടത്തുന്നത്. ഇതോടെ മൊത്തം 27,000 കോടി രൂപയുടെ വികസന പദ്ധതികൾക്ക് തുടക്കമാകും.
പുതിയ ധാരണപ്രകാരം എം.എസ്.സി ഗ്രൂപ്പിന്റെ കണ്ടെയ്‌നർ ടെർമിനൽ പ്രവർത്തന വിഭാഗമായ TiL, വിഴിഞ്ഞം തുറമുഖം നടത്തിപ്പിന് നേതൃത്വം നൽകുന്ന എവിപിപിഎല്ലിൽ 49 ശതമാനം ഓഹരി സ്വന്തമാക്കും. ഇത് ഇന്ത്യൻ തുറമുഖ മേഖലയിലെ ഏറ്റവും വലിയ വിദേശ സ്വകാര്യ നിക്ഷേപങ്ങളിലൊന്നായിരിക്കും.
ഈ സഹകരണത്തോടെ വിഴിഞ്ഞം തുറമുഖത്തിന്റെ വാർഷിക കണ്ടെയ്‌നർ കൈകാര്യം ശേഷി 16 ലക്ഷം ടിഇയുവിൽ നിന്ന് 57 ലക്ഷം ടിഇയുവായി ഉയരും. ലോക വ്യാപാര രംഗത്ത് തുറമുഖത്തിന്റെ സ്ഥാനം കൂടുതൽ ശക്തമാകുമെന്നാണ് പ്രതീക്ഷ. ആകെ 2.85 ബില്യൺ യുഎസ് ഡോളർ (ഏകദേശം 27,000 കോടി രൂപ) മൂല്യമുള്ള പദ്ധതിയിലാണ് നിക്ഷേപം നടക്കുന്നത്. ഇതിൽ TiL ഏകദേശം 1.397 ബില്യൺ യുഎസ് ഡോളർ നിക്ഷേപിക്കും.
പുതിയ കരാറിലൂടെ ബംഗ്ലാദേശ് അടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ള ചരക്കു ഗതാഗതത്തിൽ വിഴിഞ്ഞത്തിന്റെ പങ്ക് വർധിക്കുമെന്നാണ് വിലയിരുത്തൽ. കിഴക്കൻ ആഫ്രിക്കൻ വ്യാപാര പാതകളിലും ശക്തമായ സാന്നിധ്യം ഉണ്ടാകും. വിഴിഞ്ഞം തുറമുഖം 2024 ഡിസംബറിൽ പ്രവർത്തനം ആരംഭിച്ച ഇന്ത്യയിലെ ആദ്യ ആഴക്കടൽ മെഗാ ട്രാൻഷിപ്‌മെന്റ് തുറമുഖമാണ്. പുതിയ നിക്ഷേപത്തോടെ ഇതിന്റെ വികസനം വേഗത്തിലാകുമെന്ന് പ്രതീക്ഷിക്കുന്നു.




