പാലക്കാട്: സിപിഐഎമ്മിൽ നിന്ന് പുറത്താക്കപ്പെട്ട പി.കെ. ശശി നേതൃത്വം നൽകുന്ന ഡിഎംഎഫ് സിഎംപിയുമായി കൈകോർക്കാനൊരുങ്ങുന്നു. ജൂലൈ 6ന് പാലക്കാട് നടക്കുന്ന ഡിഎംഎഫിന്റെ നയപ്രഖ്യാപന കൺവെൻഷന് പിന്നാലെ ഇരുപാർട്ടികളുടെയും ലയനവുമായി ബന്ധപ്പെട്ട പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന.
കൺവെൻഷൻ മന്ത്രി സി.പി. ജോൺ ഉദ്ഘാടനം ചെയ്യും. തളിപ്പറമ്പ് എംഎൽഎ ടി.കെ. ഗോവിന്ദനും ചടങ്ങിൽ പങ്കെടുക്കും. യുഡിഎഫിനകത്തെ ഇടതുപക്ഷ സ്വഭാവമുള്ള രാഷ്ട്രീയ ശക്തിയായി മുന്നോട്ടുപോകാനാണ് പുതിയ നീക്കമെന്നാണ് വിലയിരുത്തൽ.
സിപിഐഎമ്മിൽ നിന്ന് വിട്ട് യുഡിഎഫ് പിന്തുണയോടെ വിജയിച്ച നേതാക്കളുമായി ആശയവിനിമയം നടത്തി ഭാവി രാഷ്ട്രീയ പരിപാടികൾക്ക് രൂപം നൽകുമെന്നും പി.കെ. ശശി നേരത്തെ വ്യക്തമാക്കിയിരുന്നു.
അതേസമയം, ഒറ്റപ്പാലം മണ്ഡലത്തിൽ യുഡിഎഫ് പിന്തുണയോടെ മത്സരിച്ച പി.കെ. ശശി പരാജയപ്പെട്ടിരുന്നു. വോട്ട് ചോർച്ചയും വോട്ട് ഡീലുമാണ് തോൽവിക്ക് കാരണമായതെന്ന് അദ്ദേഹം ആരോപിച്ചിരുന്നു. മണ്ഡലത്തിൽ യുഡിഎഫിന് ലഭിക്കേണ്ടിയിരുന്ന 11,122 വോട്ടുകൾ ചോർന്നുവെന്ന ആരോപണവും അദ്ദേഹം ഉന്നയിച്ചിരുന്നു.




