തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പദ്ധതി വിദ്യാഭ്യാസ മേഖലയെ അട്ടിമറിക്കാൻ ഉള്ള ശ്രമമാണെന്നും അദ്ദേഹം ആരോപിച്ചു.
പിഎം ശ്രീ പദ്ധതിയിലൂടെ എൻഇപി (നാഷണൽ എജുക്കേഷൻ പോളിസി) നടപ്പാക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്ന് ബിനോയ് വിശ്വം പറഞ്ഞു. എൻഇപി വിദ്യാഭ്യാസത്തിന്റെ ലക്ഷ്യങ്ങളെ പിന്നോട്ട് വലിക്കുന്ന ആർഎസ്എസ് അജണ്ടയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വിദ്യാഭ്യാസ രംഗത്തെ വഞ്ചന മറച്ചുവെച്ചുള്ള പദ്ധതിയാണ് പിഎം ശ്രീയെന്നും, അത് സ്വീകരിക്കാൻ പാടില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എൻഇപിയിലൂടെ ഫാസിസ്റ്റ് നിലപാട് നടപ്പാക്കാൻ ശ്രമിക്കുന്നുവെന്നാരോപിച്ചും ബിനോയ് വിശ്വം വിമർശനം ഉയർത്തി.
എൽഡിഎഫ് പിഎം ശ്രീ പദ്ധതിയുടെ ഭാഗമാകരുതായിരുന്നുവെന്നും, ഈ വിഷയത്തിൽ തിരുത്തൽ നടത്തിയെന്നും അദ്ദേഹം പറഞ്ഞു. ധാരണാപത്രത്തിന്റെ പേരിൽ എൽഡിഎഫ് ഒരു തുകയും കൈപ്പറ്റിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പദ്ധതിയെക്കുറിച്ച് പ്രതിപക്ഷം പറയുന്നത് തെറ്റാണെന്നും, അത് എൻഇപി ഫണ്ടല്ലെന്നും എസ്.എസ്.കെ ഫണ്ടാണെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെയും അദ്ദേഹം വിമർശനം ഉന്നയിച്ചു. പദ്ധതിയുടെ ലക്ഷ്യം വിദ്യാഭ്യാസ പുരോഗതി അല്ലെന്നും, എൻഇപി നടപ്പാക്കലാണ് പ്രധാന ഉദ്ദേശമെന്നും ബിനോയ് വിശ്വം ആവർത്തിച്ചു.





