തിരുവനന്തപുരം: റോഡപകടങ്ങളില്‍ പെടുന്നവർക്ക് ഉടനടി പണരഹിത ചികിത്സ ഉറപ്പാക്കുന്ന കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ ‘പി എം റാഹത്ത്’ കേരളത്തില്‍ നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. വാഹനാപകടങ്ങളില്‍പ്പെടുന്നവര്‍ക്ക് ഒന്നര ലക്ഷം രൂപ വരെ ചികിത്സാ സഹായം ലഭ്യമാക്കുന്ന പദ്ധതിയാണിത്. ആശുപത്രികളില്‍ ഏഴു ദിവസം വരെ ചികിത്സ ലഭ്യമാകും.
ഒന്നര ലക്ഷം രൂപയുടെ സഹായം പര്യാപ്തമല്ലെന്നും തുക വര്‍ധിപ്പിക്കണമെന്നും ആവശ്യപ്പെട്ട് എല്‍ഡിഎഫ് സര്‍ക്കാര്‍ പദ്ധതി നടപ്പാക്കാതെ പിടിച്ചു വച്ചിരിക്കുകയായിരുന്നു. വാഹനാപകടമാണെന്ന് സ്ഥിരീകരിച്ച് പൊലീസും ആശുപത്രി അധികൃതരും റിപ്പോര്‍ട്ട് നല്‍കിയാല്‍ തുക ലഭ്യമാക്കും. പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ആരോഗ്യമന്ത്രി കെ മുരളീധരന്‍ നിര്‍വഹിക്കുമെന്ന് മന്ത്രി സി പി ജോണ്‍ നിയമസഭയിൽ പറഞ്ഞു.
ഉപാധികളൊന്നുമില്ലാതെയാണ് കേന്ദ്രം ചികിത്സാ സഹായം ലഭ്യമാക്കുക. 40 ശതമാനം ഭിന്നശേഷിയുള്ളവര്‍ക്ക് കെഎസ്ആര്‍ടിസിയില്‍ യാത്രാ ഇളവിന് പാസ് ലഭിക്കാനുള്ള വാര്‍ഷിക വരുമാന പരിധി 50,000 രൂപയായി ഉയര്‍ത്തും. നിലവില്‍ ഇത് 20,000 രൂപയാണ്. കെഎസ്ആര്‍ടിസി ബസ് ഇടിച്ചു പരിക്കേല്‍ക്കുന്നവര്‍ക്ക് അടിയന്തര സഹായമായി 10,000 രൂപ ലഭ്യമാക്കും. സംസ്ഥാനത്ത് പ്രതിവര്‍ഷം നാലായിരത്തിലേറെ പേരാണ് വാഹനാപകടങ്ങളില്‍ മരിക്കുന്നത്. ഇത് ആയിരമായി കുറയ്ക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി സിപി ജോണ്‍ വ്യക്തമാക്കി. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട സംസ്ഥാന തല യജ്ഞത്തിന് സര്‍ക്കാര്‍ തുടക്കമിടും.













