തിരുവനന്തപുരം: ലൈംഗികാതിക്രമ കേസിലെ പ്രതിയായ നടൻ സിദ്ദിഖിന് ഹൈദരാബാദിൽ നടക്കുന്ന സിനിമാ ഷൂട്ടിംഗിൽ പങ്കെടുക്കാൻ കോടതി അനുമതി നൽകി. ഡ്രീം ഫാർമേഴ്സ് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഷെഡ്യൂളിലാണ് അദ്ദേഹം പങ്കെടുക്കുക.
ജൂലൈ 15 വരെ നടക്കുന്ന ചിത്രീകരണത്തിനാണ് അനുമതി ലഭിച്ചത്. നേരത്തെ അനുവദിച്ചിരുന്ന യാത്രാനുമതി ജൂണിൽ അവസാനിക്കുന്ന സാഹചര്യത്തിലാണ് സമയം നീട്ടിക്കിട്ടാൻ പ്രതി കോടതിയെ സമീപിച്ചത്. തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ടാനിയ മറിയം ജോസിന്റെതാണ് ഉത്തരവ്.
സുപ്രീം കോടതി നിർദേശിച്ച ജാമ്യ വ്യവസ്ഥകൾ പ്രകാരം പാസ്‌പോർട്ട് കോടതിയിൽ സമർപ്പിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ജോലി ആവശ്യങ്ങൾ പരിഗണിച്ച് ഇളവ് അനുവദിച്ചത്. മുൻപും ഖത്തറിൽ നടന്ന ഒരു സിനിമാ പ്രൊമോഷൻ പരിപാടിയിൽ പങ്കെടുക്കാൻ അദ്ദേഹത്തിന് കോടതി അനുമതി നൽകിയിരുന്നു.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് സിദ്ദിഖിനെതിരെ ലൈംഗികാതിക്രമ കേസ് രജിസ്റ്റർ ചെയ്തത്. 2016 ജനുവരി 28-ന് തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിൽ വിളിച്ചുവരുത്തി പീഡിപ്പിച്ചുവെന്നതാണ് പരാതിക്കാരിയുടെ ആരോപണം. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.




