കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ കാപ്പ തടവുകാർ തമ്മിലുണ്ടായ സംഘർഷത്തിൽ ജയിൽ ഉദ്യോഗസ്ഥരടക്കം 11 പേർക്ക് പരിക്കേറ്റു. പരിക്കേറ്റ അഞ്ച് ജയിൽ ഉദ്യോഗസ്ഥരും ആറ് തടവുകാരും ആശുപത്രിയിൽ ചികിത്സ തേടി. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം.
ഇന്നലെ ഉച്ചയോടെയാണ് സെൻട്രൽ ജയിലിലെ ഒന്നാം ബ്ലോക്കിൽ സംഭവം ഉണ്ടായത്. തടവുകാർ തമ്മിൽ വാക്കുതർക്കം സംഘർഷത്തിലേക്ക് നീങ്ങുന്നതിനിടെ മലപ്പുറം സ്വദേശിയായ ജലാലുദ്ദീൻ ബ്ലെയ്ഡ് ഉപയോഗിച്ച് സ്വന്തം ശരീരത്തിൽ മുറിവേൽപ്പിച്ചു.
സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ജയിൽ ഉദ്യോഗസ്ഥർ സ്ഥിതിഗതികൾ നിയന്ത്രിക്കാൻ ശ്രമിക്കുന്നതിനിടെ ചില തടവുകാർ ഉദ്യോഗസ്ഥർക്കെതിരെയും തിരിഞ്ഞു. തുടർന്ന് സംഘർഷം കൂടുതൽ രൂക്ഷമാകുകയും ഇരുവിഭാഗങ്ങൾക്കും പരിക്കേൽക്കുകയും ചെയ്തു.
സംഭവത്തെ തുടർന്ന് ജയിലിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കാപ്പ തടവുകാരുൾപ്പെടെയുള്ള ചിലർ ഇടയ്ക്കിടെ ജയിലിൽ പ്രകോപനപരമായ സാഹചര്യം സൃഷ്ടിക്കാറുണ്ടെന്ന് ജയിൽ അധികൃതർ അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.






