ബെംഗളൂരു: ഭാര്യയെ ക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്തിയ കേസിൽ സൈനികൻ അറസ്റ്റിൽ. കർണാടകയിലെ ഭാൽകി സ്വദേശിയായ ഭാഗവത് ജ്ഞാനേശ്വറിനെയാണ് (Bhagwat Jnaneshwar) ഭാര്യ സഞ്ജനയെ (26) കൊലപ്പെടുത്തിയ കേസിൽ ധന്നൂർ പൊലീസ് അറസ്റ്റ് ചെയ്തത്. മരണത്തിന് തൊട്ടുമുമ്പ് സഞ്ജന നൽകിയ മരണമൊഴിയാണ് പ്രതിക്കെതിരായ അന്വേഷണത്തിൽ നിർണായക തെളിവായത്.
അവധി ആഘോഷിക്കാൻ നാട്ടിലെത്തിയ ഭാഗവത്, ഭാര്യയെ കുടുംബവീട്ടിലേക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞാണ് കാറിൽ കൂട്ടിക്കൊണ്ടുപോയത്. വഴിമധ്യേ ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങുന്നതിനിടെ വിജനമായ സ്ഥലത്ത് കാർ നിർത്തി, മുൻകൂട്ടി ഒളിപ്പിച്ചുവെച്ചിരുന്ന ഇരുമ്പുവടി ഉപയോഗിച്ച് സഞ്ജനയുടെ തലയ്ക്കും കഴുത്തിനും ക്രൂരമായി ആക്രമിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
സംഭവം റോഡപകടമാണെന്ന് തോന്നിപ്പിക്കാൻ പ്രതി ശ്രമിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റ സഞ്ജനയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സോലാപുരിലെ ആശുപത്രിയിൽ നാല് ദിവസം ചികിത്സയിൽ കഴിഞ്ഞ ശേഷം സഞ്ജന മരണത്തിന് കീഴടങ്ങി. എന്നാൽ മരിക്കുന്നതിന് മുമ്പ് ഭർത്താവാണ് ആക്രമിച്ചതെന്ന് സഞ്ജന പൊലീസിന് മൊഴി നൽകിയിരുന്നു.
ഒരു വർഷം മുമ്പും സഞ്ജനയ്ക്ക് പാനീയത്തിൽ വിഷം കലർത്തി നൽകി കൊല്ലാൻ ഭാഗവത് ശ്രമിച്ചിരുന്നതായി യുവതിയുടെ കുടുംബം ആരോപിച്ചു. സംഭവത്തിൽ മറ്റ് കുടുംബാംഗങ്ങൾക്ക് പങ്കുണ്ടോയെന്നതും പൊലീസ് അന്വേഷിച്ചുവരികയാണ്.
പരസ്ത്രീബന്ധത്തെ ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.





