കൊച്ചി: സിനിമാ പ്രവർത്തകരെയും ഡോക്ടർമാരെയും ലക്ഷ്യമിട്ട് ലഹരി വിതരണം നടത്തിയിരുന്ന സംഘത്തിലെ രണ്ട് പ്രധാന പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് അമൽ ജോർജും അഭിജിത്തും പിടിയിലായത്. ഉയർന്ന സാമ്പത്തിക ശേഷിയുള്ള ‘പ്രീമിയം കസ്റ്റമേഴ്സിനെ’ മാത്രം ലക്ഷ്യമിട്ടായിരുന്നു ഇവരുടെ ലഹരി വിൽപ്പന. ചേരാനെല്ലൂരിൽ വാടകയ്ക്ക് എടുത്ത വീട്ടിൽ നിന്നാണ് സംഘം പ്രവർത്തിച്ചിരുന്നത്.
അമൽ ജോർജ് മുമ്പും ലഹരിക്കേസിൽ അറസ്റ്റിലായിട്ടുണ്ട്. അന്ന് ഇയാളിൽ നിന്ന് 250 ഗ്രാം എംഡിഎംഎ പൊലീസ് പിടിച്ചെടുത്തിരുന്നു. സംഘത്തിന്റെ സാമ്പത്തിക ഇടപാടുകൾ അഭിജിത്തിന്റെ ബാങ്ക് അക്കൗണ്ട് വഴിയാണ് നടത്തിയിരുന്നതെന്നും അന്വേഷണ സംഘം അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.




