തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിലേക്ക് വിദേശ നിക്ഷേപം എത്തിക്കുന്നതിനായി അദാനി ഗ്രൂപ്പ് സംസ്ഥാന സർക്കാരിന്റെ അനുമതി തേടി. തുറമുഖത്തിന്റെ നിർമ്മാണത്തിനും നടത്തിപ്പിനുമായി രൂപീകരിച്ച ‘അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ്’ (AVPPL) ആണ് അപേക്ഷ സമർപ്പിച്ചത്.
വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡിന്റെ (VISL) മാനേജിംഗ് ഡയറക്ടർക്കാണ് അപേക്ഷ നൽകിയത്. ഓഹരി കൈമാറ്റത്തിന് നിയമപരമായ അനുമതി നൽകണമെന്നാണ് കമ്പനിയുടെ ആവശ്യം. ആദ്യം ഒരാഴ്ചയ്ക്കകം അപേക്ഷ നൽകാനായിരുന്നു തീരുമാനം. എന്നാൽ നിയമോപദേശം കൂടി തേടിയ ശേഷമാണ് അപേക്ഷ സമർപ്പിച്ചത്.
വിദേശ നിക്ഷേപവുമായി ബന്ധപ്പെട്ട നടപടികളുടെ ഭാഗമായി ആദ്യം സെബിയെ അറിയിച്ചതായും, അവിടെ നിന്ന് തത്വത്തിലുള്ള അനുമതി ലഭിച്ചതിന് ശേഷമാണ് സംസ്ഥാന സർക്കാരിനെ സമീപിച്ചതെന്നും അദാനി ഗ്രൂപ്പ് അറിയിച്ചു.
അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡിന്റെ 49 ശതമാനം ഓഹരികൾ എംഎസ്സി ഗ്രൂപ്പിന്റെ ടെർമിനൽ വിഭാഗമായ ടെർമിനൽ ഇൻവെസ്റ്റ്മെന്റ് ലിമിറ്റഡിന്റെ (TiL) അനുബന്ധ സ്ഥാപനമായ ‘മുണ്ടി ലിമിറ്റഡിന്’ കൈമാറാനാണ് നീക്കം. ഏകദേശം 13,270 കോടി രൂപയുടെ ഓഹരി കൈമാറ്റമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു.




