കൊച്ചി: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മുൻ പ്രസിഡന്റ് എ. പത്മകുമാറിനെ നെഞ്ചുവേദനയെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില തൃപ്തികരമാണെന്നും നാളെ ആശുപത്രി വിടുമെന്നുമാണ് വിവരം.
ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട രണ്ട് കേസുകളിൽ പത്മകുമാർ പ്രതിയാണ്. ശബരിമല സ്വർണക്കൊള്ള കേസിൽ ജാമ്യം ലഭിച്ചതിന് പിന്നാലെ ഈ വർഷം മാർച്ച് 4-നാണ് അദ്ദേഹം ജയിലിൽ നിന്ന് പുറത്തിറങ്ങിയത്. കട്ടിളപ്പാളി, ദ്വാരപാലക ശിൽപം എന്നീ കേസുകളിൽ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിലാണ് കൊല്ലം വിജിലൻസ് കോടതി ജാമ്യം അനുവദിച്ചത്.
കട്ടിളപ്പാളിയിലെ സ്വർണം കടത്തിയ കേസിലാണ് ആദ്യം പത്മകുമാറിനെ പ്രതിയാക്കിയത്. പിന്നീട് ദ്വാരപാലക ശിൽപവുമായി ബന്ധപ്പെട്ട കേസിലും പ്രതിചേർത്തു. ദേവസ്വം ബോർഡിന്റെ രേഖകളിൽ മാറ്റം വരുത്തുകയും സ്വർണം എന്നത് ചെമ്പ് എന്ന് തിരുത്തി രേഖപ്പെടുത്തുകയും ചെയ്തതായി എസ്‌ഐടി കണ്ടെത്തിയിരുന്നു. സ്വർണക്കൊള്ള നടന്നത് പത്മകുമാറിന്റെ അറിവോടെയാണെന്നും അന്വേഷണ സംഘം ആരോപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ 2025 നവംബർ 20-നാണ് എസ്‌ഐടി അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.




