കാസർകോട്: മദ്യപിച്ച് വാഹനം ഓടിച്ചതിന് പൊലീസ് പിടികൂടിയ സംഭവത്തിൽ വിശദീകരണവുമായി ഇൻഫ്ലുവൻസർ ഹെലൻ ഓഫ് സ്പാർട്ട എന്ന എസ്.ആർ. ധന്യ രംഗത്തെത്തി. ബിയർ കഴിച്ച ശേഷമാണ് വാഹനം ഓടിച്ചതെന്നും അത് തന്റെ ഭാഗത്തുണ്ടായ തെറ്റാണെന്നും ധന്യ പറഞ്ഞു. മദ്യപിച്ച് വാഹനം ഓടിക്കാൻ പാടില്ലായിരുന്നുവെന്നും, പൊലീസ് കൈ കാണിച്ചപ്പോൾ വാഹനം നിർത്താതെ പോയത് വീഡിയോ മറ്റുള്ളവർ പകർത്താതിരിക്കാനാണ് ശ്രമിച്ചതെന്നും അവർ വ്യക്തമാക്കി.
കാസർകോട് അണങ്കൂരിൽ വാഹന പരിശോധനയ്ക്കിടെ പൊലീസ് കൈ കാണിച്ചെങ്കിലും ധന്യ കാർ നിർത്താതെ അമിതവേഗത്തിൽ മുന്നോട്ട് പോയി. തുടർന്ന് പൊലീസ് വാഹനം പിന്തുടർന്ന് ബന്തിയോട് ഭഗവതി നഗറിൽ വച്ച് തടഞ്ഞുനിർത്തി. പരിശോധനയിൽ ധന്യ മദ്യപിച്ചാണ് വാഹനം ഓടിച്ചതെന്ന് കണ്ടെത്തി. ദേശീയപാത 66ൽ റോഡിന് നടുവിൽ വാഹനം നിർത്തിയിട്ട ശേഷമാണ് പൊലീസ് എത്തിയത്. തുടർന്ന് അമിതവേഗത്തിൽ വാഹനം ഓടിച്ച് രക്ഷപ്പെടാൻ ശ്രമിച്ചതായും എഫ്ഐആറിൽ പറയുന്നു. സംഭവത്തിന് പിന്നാലെ പൊലീസ് പിഴ ഈടാക്കിയ ശേഷം ധന്യയെ വിട്ടയച്ചതായാണ് ലഭിക്കുന്ന വിവരം.




