കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വാട്സാപ്പ് ഓപ്പൺ ചെയ്യുമ്പോൾ പലരും ചാറ്റുകൾക്ക് മുകളിലായി ഒരു നോട്ടിഫിക്കേഷൻ വന്നിരിക്കുന്നത് ശ്രദ്ധിച്ചു കാണും. അങ്ങനെ വരാത്തവരും വാർത്തകളിലും മറ്റും കേട്ടുകൊണ്ടിരിക്കുന്ന ഒരു പേരായിരിക്കും വാട്സാപ്പിൽ വരുന്ന യൂസർനെയിം ഫീച്ചർ. നിങ്ങളിൽ മിക്കവരും ഇതിനോടകം യൂസർനെയിം സെറ്റ് ചെയ്തുകാണും. എന്നാൽ അതിനൊപ്പം പല രീതിയിലുള്ള വാർത്തകളും വരുന്നുണ്ട്. ഇങ്ങനെ യൂസർനെയിം സെറ്റ് ചെയ്യരുതെന്നും അത് അപകടമാണെന്നുമെല്ലാം പലയിടത്തും നിങ്ങൾ കണ്ടുകാണും. എന്നാൽ എന്താണ് യാഥാർത്ഥ്യം? എന്താണ് ഈ യുസർനെയിം ഫീച്ചർ? എന്തുകൊണ്ടാണ് കേന്ദ്ര സർക്കാർ ഇതിൽ കർശനമായ നിർദേശങ്ങൾ മെറ്റയ്ക്ക് നൽകുന്നത്? നോക്കാം…
ഫോൺ നമ്പറുകൾ പങ്കിടാതെ തന്നെ മറ്റുള്ളവരുമായി ആശയവിനിമയം നടത്താൻ സഹായിക്കുന്നതാണ് പുതിയ യൂസർനെയിം ഫീച്ചർ. ടെലഗ്രാം, ഇൻസ്റ്റഗ്രാം തുടങ്ങിയവയിലെല്ലാം നേരത്തെ തന്നെ ഈ ഫീച്ചറുണ്ട്. ഫോൺ നമ്പറുകൾക്ക് പകരം ഉപഭോക്താക്കൾക്ക് തനതായ യൂസർനെയിമുകൾ സെറ്റ് ചെയ്യാൻ അനുവദിക്കുന്നതാണ് ഫീച്ചർ. ഇപ്പോഴിത് ഡിജിറ്റൽ ലോകത്ത് വലിയ ചർച്ചകൾക്ക് വഴിതുറക്കുകയാണ്. ഇന്ത്യയിൽ 50 കോടിയിലധികം യൂസേഴ്സ് ഉണ്ട് വാട്സാപ്പിന്. ഫോൺ നമ്പറുകൾ പരസ്യമാക്കാതെ തന്നെ മറ്റുള്ളവരുമായി ആശയവിനിമയം നടത്താൻ സഹായിക്കുന്ന ഈ ഫീച്ചർ വ്യക്തിഗത സ്വകാര്യതയ്ക്ക് എത്രത്തോളം ഗുണം ചെയ്യും? അതോ ഇത് സൈബർ കുറ്റവാളികൾക്ക് പുതിയൊരു ആയുധമായി മാറുമോ? ഇന്ത്യയിലെ സാധാരണ ഉപഭോക്താക്കൾ ഈ മാറ്റത്തെ എങ്ങനെ സ്വീകരിക്കും എന്നെല്ലാം ചോദ്യങ്ങൾ അനവദിയാണ്.
എന്നാൽ ഈ ഫീച്ചർ അവതരിപ്പിക്കാനുള്ള നീക്കം താത്കാലികമായി നിർത്തിവെക്കാൻ നിർദേശം നൽകിയിരിക്കുകയാണ് കേന്ദ്രസർക്കാർ. ഫീച്ചറിന്റെ നേട്ടത്തേക്കാളുപരി അതിന്റെ ദുരുപയോഗ സാധ്യതയുമായി ബന്ധപ്പെട്ട മുന്നറിയിപ്പുകൾ പരിഗണിച്ചാണ് ഈ നീക്കം. വാട്സാപ്പിന് മാത്രമല്ല, സമാനമായ പിന്നാലെ ടെലിഗ്രാം, സിഗ്നൽ എന്നീ ആപ്പുകൾക്കും കേന്ദ്ര ഐ.ടി. മന്ത്രാലയം ഇപ്പോൾ നോട്ടീസ് അയച്ചിരിക്കുകയാണ്. ഓൺലൈൻ തട്ടിപ്പുകൾ, ആൾമാറാട്ടം, മറ്റ് സൈബർ അധിക്ഷേപങ്ങൾ എന്നിവ തടയാൻ ഈ പ്ലാറ്റ്‌ഫോമുകൾ സ്വീകരിക്കുന്ന നടപടികളെക്കുറിച്ച് വിശദീകരിക്കാനാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
ഈ നീക്കം ഇന്ത്യയിൽ വൻ തട്ടിപ്പുകൾക്ക് വഴിവെച്ചേക്കാമെന്ന് പ്രമുഖ സംരംഭകനായ അങ്കുർ വരിക്കുവും പേടിഎം സ്ഥാപകൻ വിജയ് ശേഖർ ശർമ്മയും ഉൾപ്പെടെയുള്ളവർ മുന്നറിയിപ്പ് നൽകുന്നു. ഉപയോക്താക്കളുടെ സ്വകാര്യത വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ഈ നീക്കത്തിന് ഇത്തരം ഒരു മറുവശമുണ്ടെന്ന് അവർ ചൂണ്ടിക്കാണിച്ചു. വാട്സ്ആപ്പ് കൃത്യമായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയില്ലെങ്കിൽ ഇന്ത്യയെപ്പോലൊരു രാജ്യത്ത് ഇതൊരു വലിയ ദുരന്തമായി മാറുമെന്ന് അങ്കുർ വരിക്കു മുന്നറിയിപ്പ് നൽകുന്നു.
പിന്നാലെ തങ്ങളുടെ ഭാഗം വിശദീകരിച്ച് വാട്സാപ്പ് മറുപടിയുമായി രംഗത്ത് എത്തിയിട്ടുണ്ട്. യൂസർനെയിം ഉപയോഗിക്കുക എന്നത് പൂർണമായും ഓപ്ഷണൽ ആയിരിക്കുമെന്നും അറിയപ്പെടുന്ന വ്യക്തികൾ, സർക്കാർ സ്ഥാപനങ്ങൾ, മെറ്റാ വെരിഫൈഡ് അക്കൗണ്ടുകൾ എന്നിവയ്ക്കുള്ള സംരക്ഷണം ഉറപ്പാക്കുന്നതിനുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും മെറ്റ അവകാശപ്പെടുന്നു. കമ്പനി പറയുന്നതനുസരിച്ച് ഈ ഫീച്ചറിന്റെ കൂടുതൽ വിവരങ്ങൾ നമുക്ക് നോക്കാം.
എല്ലാവരും ഇത് ചെയ്യണമെന്ന് നിർബന്ധമില്ല എന്നാണ് വാട്സാപ്പ് പറയുന്നത്. നിലവിലുള്ള ഫോൺ നമ്പർ അടിസ്ഥാനമാക്കിയുള്ള അക്കൗണ്ട് ഉപയോഗിച്ച് തുടർന്നും വാട്‌സ്ആപ്പ് ഉപയോഗിക്കാം. ഇൻസ്റ്റാഗ്രാം, ടെലിഗ്രാം എന്നിവയിലേതുപോലെ യൂസർനെയിമുകൾ മറ്റുള്ളവർക്ക് സെർച്ച്‌ചെയ്ത് കണ്ടെത്താൻ കഴിയില്ല. അപരിചിതരിൽ അനാവശ്യമായി വാട്‌സ്ആപ്പ് വഴി ബന്ധപ്പെടാനുള്ള സാധ്യത ഇതിലൂടെ കുറയ്ക്കാൻ കഴിയും. വാട്‌സ്ആപ്പിൽ ഒരു ഫോൺ നമ്പർ സെർച്ച് ചെയ്യാൻ കഴിയില്ല എന്നതുപോലെ യൂസർനെയിമും തിരയാൻ കഴിയില്ല. നിങ്ങളെ ആരെങ്കിലും അനാവാശ്യമായി ബന്ധപ്പെടുന്നത് തടയാനുള്ള ഏറ്റവും നല്ല മാർഗ്ഗം വാട്‌സ്ആപ്പിന് മാത്രമായി സവിശേഷമായ ഒരു യൂസർനെയിം തിരഞ്ഞെടുക്കുക എന്നതാണ്.
സ്വകാര്യതയെ സംബന്ധിച്ചാണ് അടുത്ത ആശങ്ക. ഇന്ത്യ പോലുള്ള ഒരു രാജ്യത്ത് ഫോൺ നമ്പർ എന്നത് കേവലം വിളിക്കാനുള്ള ഒരു മാർഗം മാത്രമല്ല. അത് ഒരാളുടെ സമ്പൂർണ ഡിജിറ്റൽ വ്യക്തിത്വത്തിന്റെ അടയാളമാണ്. അതായത്, വാട്സാപ്പ് മാത്രമല്ല ഈ നമ്പറുമായി ലിങ്ക് ചെയ്തിരിക്കുന്നത്. അത് ഒരാളുടെ ബാങ്ക് അക്കൗണ്ട്, യുപിഐ, മറ്റ് ഔദ്യോഗിക സർക്കാർ രേഖകൾ എന്നിവയുമായി വരെ നേരിട്ട് ബന്ധിപ്പിച്ചിട്ടുള്ള ഒന്നാണ്. ഒരു നെറ്റ്‌വർക്കിങ് പ്രോഗ്രാമിനോ, ഓൺലൈൻ ഗ്രൂപ്പിനോ ഫോൺ നമ്പർ കൈമാറുമ്പോൾ നിങ്ങൾ വിചാരിക്കുന്നതിലും എത്രയോ മടങ്ങ് സെൻസിറ്റീവ് ആയ വിവരങ്ങളാണ് മറ്റുള്ളവരുടെ കൈകളിൽ എത്തിപ്പെടുന്നതെന്ന് ഓർക്കണം.
ഇതിന് പരിഹാരമായി വാട്സാപ്പ് പറയുന്നത്, സ്വകാര്യത ഉറപ്പാക്കുന്നതിനായി ഒരു ഓപ്ഷണൽ ‘യൂസർനെയിം കീ’ അവതരിപ്പിക്കുമെന്നാണ്. ഇത് ആക്ടീവ് ആക്കിയാൽ യൂസർനെയിമും സെക്യൂരിറ്റി കീയും അറിയുന്ന ഒരാൾക്ക് മാത്രമേ അവരെ ബന്ധപ്പെടാൻ കഴിയൂ. യൂസർനെയിം കീ ഏത് സമയത്തും റീസെറ്റ് ചെയ്യാൻ സാധിക്കും. ഒരിക്കലും ഇടപെട്ടിട്ടില്ലാത്ത ഒരാളിൽ നിന്ന് മെസേജ് ലഭിച്ചാലുടൻ വാട്‌സ്ആപ്പ് അധിക സുരക്ഷാ നിർദേശങ്ങൾ പ്രദർശിപ്പിക്കും.അതിൽ, അയക്കുന്നയാളുടെ രാജ്യം, അക്കൗണ്ട് പുതിയതായി സൃഷ്ടിച്ചതാണോ, സ്വീകരിക്കുന്ന വ്യക്തിയും സന്ദേശം അയയ്ക്കുന്നയാളും ഏതെങ്കിലും പൊതു ഗ്രൂപ്പുകളിൽ ഉണ്ടോ എന്നീ വിവരങ്ങൾ വാട്‌സ്ആപ്പ് പ്രദർശിപ്പിക്കും.
ആൾമാറാട്ടത്തിനുള്ള സാധ്യതയാണ് പിന്നീട് ഉയർത്തിക്കാണിക്കുന്ന മറ്റൊരു ആശങ്ക. അതിന് പരിഹാരമായി, അറിയപ്പെടുന്ന യൂസർനെയിമുകളും അവയോട് സാമ്യമുള്ളവയും പ്രശസ്ത വ്യക്തികൾ, സർക്കാർ സ്ഥാപനങ്ങൾ, മെറ്റാ വെരിഫൈഡ് അക്കൗണ്ടുകൾ എന്നിവയ്ക്കായി മാറ്റിവെക്കും. ആർക്കും ജനപ്രിയ യൂസർനെയിമുകൾ റിസർവ് ചെയ്യാൻ കഴിയുമെന്ന റിപ്പോർട്ടുകൾ കമ്പനി നിഷേധിക്കുന്നുണ്ട്.
നിലവിൽ ഇന്ത്യയിൽ വ്യാപകമായി നടക്കുന്ന ഏറ്റവും അപകടകരമായ ഒരു സൈബർ കുറ്റകൃത്യമാണ് സിം സ്വാപ്പ് തട്ടിപ്പ്. ഇത് തടയാനും പുതിയ ഫീച്ചർ സഹായിക്കുമെന്ന് കരുതുന്നു. ഫോൺ നമ്പറാണ് ഒരാളുടെ ഡിജിറ്റൽ ജീവിതത്തിന്റെ മാസ്റ്റർ കീ എന്നതിനാലാണ് സിം സ്വാപ്പ് തട്ടിപ്പുകൾ വിജയിക്കുന്നത്. യൂസർനെയിം വരുന്നതോടെ ഫോൺ നമ്പറിന്റെ ഉപയോഗം കുറയുകയും, ആളുകൾ നമ്പർ പരസ്യമായി പങ്കുവയ്ക്കുന്നത് നിർത്തുകയും ചെയ്യും. ഇത് വഴി ഫോൺ നമ്പറുകൾ കേന്ദ്രീകരിച്ചുള്ള ഹാക്കിങ് ആക്രമണങ്ങളുടെ സാധ്യത ഭാവിയിൽ കുറയാൻ ഇടയാക്കും.
ഈ ഫീച്ചറിന്റെ ലോഞ്ചിന് മുമ്പുതന്നെ യൂസർനെയിം റിസർവേഷനുകൾ ആരംഭിച്ചിട്ടുണ്ട്. ആ മെസേജാണ് ഈ വീഡിയോയുടെ തുടക്കത്തിൽ നമ്മൾ പറഞ്ഞ നോട്ടിഫിക്കേഷനിലുള്ളത്. യൂസർനെയിം ഒരേസമയം ഒരു അക്കൗണ്ടിലേക്കും ഫോൺ നമ്പറിലേക്കും മാത്രമേ ലിങ്ക് ചെയ്യാൻ കഴിയൂ. ഒന്നിലധികം ആക്ടീവ് ഫോൺ നമ്പറുകളിൽ ഒരേ യൂസർനെയിം ഒരേസമയം ഉപയോഗിക്കാൻ കഴിയില്ല. എന്നാൽ ഒരേ ഡിവൈസിൽ ഒരു ഫോൺ നമ്പറിൽ നിന്ന് മറ്റൊന്നിലേക്ക് നിങ്ങളുടെ റിസർവ് ചെയ്ത യൂസർനെയിം മാറ്റാനോ കൈമാറാനോ കഴിയും.
ഈ ഫീച്ചർ എവിടെയൊക്കെ ഉപകാരപ്രദമാകുമെന്ന് നോക്കാം. സ്കൂൾ ഗ്രൂപ്പുകൾ, ഫ്ലാറ്റ് അല്ലെങ്കിൽ റസിഡന്റ്സ് അസോസിയേഷൻ ഗ്രൂപ്പുകൾ എന്നിവയിൽ ഫോൺ നമ്പർ പരസ്യമാക്കാൻ ആഗ്രഹിക്കാത്തവർക്ക് യൂസർനെയിം ഉപയോഗിച്ച് ഗ്രൂപ്പുകളിൽ സജീവമാകാം. ഫ്രീലാൻസർമാർ, ചെറുകിട ബിസിനസ്സ് ഉടമകൾ തുടങ്ങിയവർക്ക് തങ്ങളുടെ വ്യക്തിഗത ഫോൺ നമ്പർ ഉപഭോക്താക്കളിൽ നിന്ന് മറച്ചുവയ്ക്കാൻ മറ്റൊരു സിം കാർഡ് എടുക്കേണ്ടി വരില്ല ഇനി. അതുപോലെ ആദ്യമായി ഒരാളോട് സംസാരിക്കുമ്പോൾ പഴയ പോലെ ഇനി പേടിക്കേണ്ടതുമില്ല.
ഏതൊരു സാങ്കേതിക വിദ്യയുടെയും വിജയം അത് സാധാരണ ജനങ്ങൾ എത്രത്തോളം ഉപയോഗിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു. ഉപയോഗിക്കാനുള്ള എളുപ്പമാണ് വാട്സാപ്പിനെ ഇന്ത്യയിൽ ഇത്രയും ജനകീയമാക്കുന്നതും. ഫോൺ നമ്പർ മറച്ചുവെച്ച് ആശയവിനിമയം നടത്താൻ കഴിയുന്നത് സ്വകാര്യതയുടെ കാര്യത്തിൽ വലിയൊരു നേട്ടമാണെങ്കിലും, ശക്തമായ വെരിഫിക്കേഷൻ സംവിധാനങ്ങളും തട്ടിപ്പുകൾ തടയാനുള്ള ടൂളുകളും ഇല്ലെങ്കിൽ ഈ ഫീച്ചർ തട്ടിപ്പുകാരുടെ താവളമായി മാറിയേക്കാം. ഒപ്പം ജനങ്ങൾ എത്ര വേഗത്തിൽ പുതിയ മാറ്റത്തെ ഏറ്റെടുക്കുന്നു എന്നതും ഇവിടെ സ്വാധീനിക്കപ്പെടും.













