തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വസതിക്ക് മുന്നിൽ ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം തള്ളണമെന്ന് പോലീസ്. ഹൈക്കോടതിയിലാണ് പൊലീസ് നിലപാട് അറിയിച്ചത്. അന്വേഷണം ശരിയായ ദിശയിലാണ് മുന്നേറുന്നതെന്നും പൊലീസ് കോടതിയിൽ വ്യക്തമാക്കി.
ഇ.ഡി പരിശോധനയെക്കുറിച്ച് മുൻകൂർ അറിയിപ്പ് ലഭിച്ചിരുന്നില്ലെന്നും, സുരക്ഷ ഒരുക്കുന്നതിൽ വീഴ്ച സംഭവിച്ചിട്ടില്ലെന്നും ഇന്റലിജൻസ് വീഴ്ച ഉണ്ടായിട്ടില്ലെന്നും പൊലീസ് അറിയിച്ചു. ആക്രമണം സംഭവിച്ച ഉടൻ തന്നെ നിയന്ത്രണവിധേയമാക്കിയതായും 25 പേരെ അറസ്റ്റ് ചെയ്തതായും കോടതിയെ അറിയിച്ചു.
കേസിലെ അന്തിമ റിപ്പോർട്ട് വേഗത്തിൽ സമർപ്പിക്കുമെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതിയിൽ പരിഗണനയിലാണ്.
അതേസമയം, കേസിലെ 10 പ്രതികളുടെ ജാമ്യ ഹർജി പരിഗണിക്കുന്നതിനിടെ ആക്രമണവുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ കോടതിയിൽ ഹർജി നൽകി.
മെയ് 27-നാണ് തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ പിണറായി വിജയന്റെ വസതിയിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഏകദേശം എട്ട് മണിക്കൂറോളം നീണ്ട പരിശോധന നടത്തിയത്. വീണാ വിജയന്റെ എക്സാലോജിക് കമ്പനിയും സി.എം.ആർ.എല്ലും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണത്തിന്റെ ഭാഗമായിരുന്നു പരിശോധന.
പരിശോധന കഴിഞ്ഞ് മടങ്ങുകയായിരുന്ന ഇ.ഡി വാഹനങ്ങൾക്ക് നേരെ കല്ലും ഇഷ്ടികയും മരക്കഷ്ണങ്ങളും ഉപയോഗിച്ച് ആക്രമണം നടന്നതായാണ് കേസ് രേഖകൾ വ്യക്തമാക്കുന്നത്. സി.പി.എം, ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ പ്രവർത്തകരാണ് ആക്രമണത്തിൽ പങ്കെടുത്തതെന്ന് പൊലീസ് പറയുന്നു.




