മയാമി: 2026 ലോകകപ്പിന് ശേഷം രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിച്ചേക്കുമെന്ന സഹോദരി കാതിയ അവെയ്‌റോയുടെ പ്രസ്താവന തള്ളി സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. പോർച്ചുഗലിന്റെ പോരാട്ടങ്ങൾ അവസാനിക്കുന്നതു വരെ അത്തരത്തിലൊരു തീരുമാനവുമെടുക്കില്ലെന്ന് റൊണാൾഡോ വ്യക്തമാക്കി. സുപ്പീരിയർ പ്ലെയർ ഓഫ് ദ് മാച്ച് അവാർഡ് നേടിയ ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘എന്റെ വിരമിക്കൽ ഇപ്പോൾ പ്രധാനമല്ല. ടൂർണമെന്റ് ജയിക്കുകയോ തോൽക്കുകയോ ചെയ്ത ശേഷം ഇതിന് സമയമുണ്ട്. എന്റെ കുടുംബവുമായി സംസാരിച്ചശേഷം ഉചിതമായ തീരുമാനം ഞാൻ എടുക്കും. ഈ നിർണായക ഘട്ടത്തിൽ ഞാൻ ഒരു തീരുമാനവും എടുക്കുന്നില്ല. എല്ലാം ശാന്തമായി ഞാൻ കൈകാര്യം ചെയ്യുകയാണ്. ഈ നിമിഷത്തെ ആസ്വദിക്കുകയും ദേശീയ ടീമിനെ സഹായിക്കുകയും ചെയ്യുക എന്നതാണ് ഇപ്പോൾ എനിക്ക് പ്രധാനം.’– റൊണാൾഡോ പറഞ്ഞു.
ക്രൊയേഷ്യ- പോർച്ചുഗൽ മത്സരം നടക്കുന്നതിനിടയിലാണ് റൊണാൾഡോയുടെ സഹോദരി അദ്ദേഹം വിരമിക്കുകയാണെന്ന് സൂചന നൽകിയത്. 41 വയസ്സുകാരനായ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ രാജ്യാന്തര കരിയറിലെ അവസാന ടൂർണമെന്റായിരിക്കും 2026 ഫിഫ ലോകകപ്പ് എന്നാണ് സഹോദരി കാതിയ അവീറോ പറഞ്ഞത്.


