ബലൂചിസ്ഥാൻ: പാകിസ്ഥാനിലെ ബലൂചിസ്ഥാനിൽ കോസ്റ്റ് ഗാർഡ് ക്യാമ്പിന് നേരെ ആക്രമണം നടത്തിയതായി നിരോധിത സംഘടനയായ ബലൂച് ലിബറേഷൻ ആർമ (ബിഎൽഎ) അവകാശപ്പെട്ടു. ഗ്വാദർ ജില്ലയിലെ പൻവാൻ പ്രദേശത്തുണ്ടായ ആക്രമണത്തിൽ 30-ലധികം പാകിസ്ഥാൻ സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ബിഎൽഎ അവകാശപ്പെട്ടുവെന്ന് ബലൂചിസ്ഥാൻ പോസ്റ്റ് റിപ്പോർട്ട് ചെയ്തു.
വെള്ളിയാഴ്ച വൈകുന്നേരം ബിഎൽഎയുടെ മജീദ് ബ്രിഗേഡ് ചാവേറാക്രമണം നടത്തിയെന്നാണ് റിപ്പോർട്ട്. പ്രാദേശിക സമയം വൈകുന്നേരം 6.32-ഓടെ അജ്മൽ എന്ന അത്താവുള്ള ബലൂച് സ്ഫോടകവസ്തുക്കൾ നിറച്ച ട്രക്ക് കനത്ത സുരക്ഷയുണ്ടായിരുന്ന കോസ്റ്റ് ഗാർഡ് ക്യാമ്പിലേക്ക് ഇടിച്ചുകയറ്റിയതിനെ തുടർന്ന് വൻ സ്ഫോടനമുണ്ടായെന്നാണ് ബിഎൽഎയുടെ അവകാശവാദം.
സ്ഫോടനത്തിൽ കോസ്റ്റ് ഗാർഡ് ക്യാമ്പിന് വലിയ നാശനഷ്ടമുണ്ടായെന്നും തുടർന്ന് ഫത്തേ സ്ക്വാഡിന്റെ നേതൃത്വത്തിൽ കരയാക്രമണവും നടത്തിയെന്നും ബിഎൽഎയുടെ വക്താവ് ജീയാന്ദ് ബലോച്ച് പ്രസ്താവനയിൽ പറഞ്ഞു. ആക്രമണത്തിന്റെ 43 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയും ബിഎൽഎയുടെ മാധ്യമവിഭാഗമായ ഹക്കൽ പുറത്തുവിട്ടതായി റിപ്പോർട്ടിൽ പറയുന്നു.
ആക്രമണത്തിൽ കൊല്ലപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണം ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നും ബലൂചിസ്ഥാന്റെ സ്വാതന്ത്ര്യം ലക്ഷ്യമിട്ടുള്ള സായുധ പോരാട്ടം തുടരുമെന്നും ബിഎൽഎ പ്രസ്താവനയിൽ അറിയിച്ചു. ആക്രമണത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഔദ്യോഗിക ചാനലുകൾ വഴി പുറത്തുവിടുമെന്നും സംഘടന വ്യക്തമാക്കി.
അതേസമയം, ബിഎൽഎയുടെ ഈ അവകാശവാദം പാകിസ്ഥാൻ സർക്കാരോ സൈന്യമോ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ബലൂചിസ്ഥാനിലെ പ്രധാന വിഘടനവാദ സംഘടനകളിലൊന്നായ ബിഎൽഎ, മുൻപും പാകിസ്ഥാൻ സുരക്ഷാ സേനയ്ക്കും സർക്കാർ അടിസ്ഥാന സൗകര്യങ്ങൾക്കുമെതിരെ നിരവധി ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്.




