പത്തനംതിട്ട: പത്തനംതിട്ടയിൽ 13-കാരിയെ സഹപാഠികൾ ചേർന്ന് പീഡിപ്പിച്ചതായി പരാതി. സ്കൂളിലെ കൗൺസിലിംഗിനിടെയാണ് വിദ്യാർഥിനി പീഡനവിവരം വെളിപ്പെടുത്തിയത്.
സ്കൂളിന് സമീപത്തും മറ്റൊരു പെൺകുട്ടിയുടെ വീട്ടിലും വെച്ച് പീഡനം നടന്നുവെന്നാണ് വിദ്യാർഥിനിയുടെ മൊഴി. സംഭവത്തിൽ ആറുപേർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഇവരിൽ ഒരാൾ പെൺകുട്ടിയാണ്.
അഞ്ചുപേർ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നും ആറാമത്തെ പ്രതിയുടെ വീട്ടിൽ വെച്ചും പീഡനത്തിനിരയായെന്നും വിദ്യാർഥിനി മൊഴി നൽകിയതായി പൊലീസ് അറിയിച്ചു.
കൗൺസിലിംഗിന് പിന്നാലെ സ്കൂൾ അധികൃതർ പൊലീസിനെയും ശിശുക്ഷേമ സമിതിയെയും വിവരം അറിയിച്ചു. തുടർന്ന് വിദ്യാർഥിനിയുടെ സംരക്ഷണം ചൈൽഡ് വെൽഫെയർ കമ്മിറ്റി ഏറ്റെടുത്തു. പ്രതികളുടെ മൊഴി രേഖപ്പെടുത്തുന്നതുൾപ്പെടെയുള്ള തുടർനടപടികൾ പൊലീസ് ആരംഭിച്ചിട്ടുണ്ട്.




