രാജ്കോട്ട്: ഗുജറാത്തിലെ രാജ്‌കോട്ടിൽ മദ്യപിച്ച് വീട്ടിലെത്തി വഴക്കുണ്ടാക്കിയ 22-കാരനായ മകനെ കൊലപ്പെടുത്തിയെന്ന കേസിൽ മാതാപിതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ഗുണ്ടല സ്വദേശിയായ റാം ബംഭാവയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പിതാവ് ബാബു (അതുൽ ബംഭാവ്–47), മാതാവ് മനീഷ് (മോതി ബംഭാവ്–45) എന്നിവരാണ് അറസ്റ്റിലായത്.
മകൻ ആസിഡ് കുടിച്ച് മരിച്ചെന്നായിരുന്നു മാതാപിതാക്കളുടെ വിശദീകരണം. എന്നാൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലാണ് മരണം കൊലപാതകമാണെന്ന് വ്യക്തമായത്. റാമിന്റെ ഭാര്യ ബൻസി നൽകിയ പരാതിയെ തുടർന്നാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
ജൂൺ 29ന് റാമും ഭാര്യ ബൻസിയും ബൻസിയുടെ വീട്ടിലെത്തിയിരുന്നു. അവിടെവെച്ച് മദ്യപിച്ച റാം ഭാര്യയുടെ പിതാവുമായി തർക്കമുണ്ടാക്കിയതായി പൊലീസ് പറയുന്നു. തുടർന്ന് ബൻസിയുടെ പിതാവ് റാമിന്റെ പിതാവിനെ വിളിച്ച് മകനെ വീട്ടിലേക്ക് കൊണ്ടുപോകാൻ ആവശ്യപ്പെട്ടു.
പിറ്റേദിവസം ബൻസി സ്വന്തം വീട്ടിൽ തുടരുന്നതിനിടെയാണ് റാം ആസിഡ് കുടിച്ച് മരിച്ചെന്ന വിവരം ലഭിച്ചത്. എന്നാൽ സംസ്കാരച്ചടങ്ങുകൾക്ക് ശേഷം റാമിന്റെ ബന്ധുക്കൾ സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ബൻസിയെ അറിയിക്കുകയായിരുന്നു.
മദ്യപിച്ച് വീട്ടിലെത്തിയ റാം പിതാവുമായി വീണ്ടും വഴക്കിട്ടെന്നും, ഇതിനിടെ മാതാവ് ബലംപ്രയോഗിച്ച് റാമിന്റെ വായിൽ ആസിഡ് ഒഴിച്ചുവെന്നും തുടർന്ന് പിടഞ്ഞുവീണ റാമിന്റെ വായ പൊത്തിപ്പിടിച്ച പിതാവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നുമാണ് ബന്ധുക്കൾ ബൻസിയോട് പറഞ്ഞതെന്ന് പരാതിയിൽ പറയുന്നു. സംഭവം പുറത്തറിയിക്കരുതെന്നും കുടുംബത്തിന്റെ മാനക്കേട് ഒഴിവാക്കണമെന്നുമാണ് ബന്ധുക്കൾ ആവശ്യപ്പെട്ടതെന്നും ബൻസി പൊലീസിനെ അറിയിച്ചു.
റാമിന്റെ മരണത്തിൽ തുടക്കത്തിൽ തന്നെ സംശയം തോന്നിയ പൊലീസ് പോസ്റ്റ്‌മോർട്ടം നടത്താൻ നിർദേശിക്കുകയായിരുന്നു. പരിശോധനയിൽ കഴുത്തിൽ ഞെരിച്ച പാടുകൾ കണ്ടെത്തിയതോടെ ആസിഡ് കുടിച്ചതല്ല മരണകാരണമെന്ന് സ്ഥിരീകരിച്ചു.
ഭാര്യയുടെ മൊഴിയും ഫോറൻസിക് കണ്ടെത്തലുകളും അടിസ്ഥാനമാക്കി ജൂലൈ 2ന് മാതാപിതാക്കളെ അറസ്റ്റ് ചെയ്തു. കൊലപാതകത്തിന് ഉപയോഗിച്ചതായി കരുതുന്ന ആസിഡ് കുപ്പി, പ്രതികൾ ധരിച്ചിരുന്ന വസ്ത്രങ്ങൾ, റാമിന്റെ ഛർദ്ദി പറ്റിയ ബെഡ്‌ഷീറ്റ് എന്നിവയും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. പ്രതികളെ പിന്നീട് കോടതിയിൽ ഹാജരാക്കി.
റാം മദ്യപിച്ച് വീട്ടിലെത്തി പിതാവുമായി പതിവായി വഴക്കിടാറുണ്ടായിരുന്നുവെന്ന് ഭാര്യ ബൻസി മൊഴി നൽകിയിട്ടുണ്ട്. അഞ്ച് മാസം മുൻപായിരുന്നു ഇരുവരുടെയും വിവാഹം. റാം തൊഴിൽരഹിതനായിരുന്നുവെന്നും പിതാവ് ബാബു ചായക്കട നടത്തിവരികയായിരുന്നുവെന്നും പൊലീസ് അറിയിച്ചു.




