കൊച്ചി: മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ എഎംഎംഎയുടെ അഡ്‌ഹോക് കമ്മിറ്റി കൺവീനർ സ്ഥാനത്ത് നിന്ന് രമേഷ് പിഷാരടി രാജിവെച്ചു. ഒരു അധികാര സ്ഥാനത്തും പിടിച്ചുനിൽക്കാൻ താൽപ്പര്യമില്ലെന്നും സംഘടനയെ കോടതിയിലേക്ക് കൊണ്ടുപോകാൻ ആഗ്രഹമില്ലെന്നും അദ്ദേഹം പറഞ്ഞു.
കോടതി ഇടപെടലിനെ തുടർന്നാണ് രാജിയെന്ന് രമേഷ് പിഷാരടി വ്യക്തമാക്കി. കൺവീനർക്ക് യോഗം വിളിക്കാനോ മറ്റ് തീരുമാനങ്ങൾ എടുക്കാനോ അധികാരമില്ലെന്ന് കോടതി വ്യക്തമാക്കിയതോടെ താൻ മാറുകയാണെന്നും അദ്ദേഹം പറഞ്ഞു.
സംഘടനയിൽ പ്രശ്നങ്ങൾ രമ്യതയിൽ പരിഹരിക്കാനായിരുന്നു തന്റെ ശ്രമമെന്നും പിഷാരടി പറഞ്ഞു. ശ്വേതാ മേനോൻ ഉൾപ്പെടെയുള്ളവരുമായി മണിക്കൂറുകളോളം സംസാരിച്ച് പ്രശ്നങ്ങൾ തീർക്കാൻ ശ്രമിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ അതുമായി ബന്ധപ്പെട്ട ഒരു ഓഡിയോ പുറത്തുവന്നതിൽ വ്യക്തിപരമായ വേദനയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മുന്‍കാല കമ്മിറ്റിയുടെ കണക്കുകള്‍ അംഗീകരിക്കപ്പെടാതിരുന്നതോടെ വിവാദങ്ങൾ ആരംഭിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ സംഘടനയെ കൂടുതൽ നിയമപ്രശ്നങ്ങളിലേക്ക് കൊണ്ടുപോകാൻ താൽപര്യമില്ലെന്നും, തന്റെ രാജി അന്തിമമാണെന്നും രമേഷ് പിഷാരടി കൂട്ടിച്ചേർത്തു.



