തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോൽവി വിശദമായി ചർച്ച ചെയ്യാൻ എൽഡിഎഫ് യോഗം ഇതുവരെ വിളിക്കാത്തതിൽ അസന്തോഷം പ്രകടിപ്പിച്ച് ഘടകകക്ഷികൾ. ജൂൺ 15ന് ശേഷം യോഗം വിളിക്കാമെന്നായിരുന്നു നേരത്തെ ധാരണയെങ്കിലും ഇതുവരെ യോഗം നടന്നിട്ടില്ല.
തെരഞ്ഞെടുപ്പ് തോൽവിക്ക് ശേഷം ഒരു തവണ മാത്രമാണ് എൽഡിഎഫ് യോഗം ചേർന്നത്. എന്നാൽ ആ യോഗത്തിലും വിഷയത്തിൽ വിശദമായ ചർച്ച നടന്നിരുന്നില്ല. തുടർന്ന് വീണ്ടും യോഗം വിളിച്ച് കാര്യങ്ങൾ വിലയിരുത്തുമെന്ന് സിപിഐഎം അറിയിച്ചിരുന്നുവെങ്കിലും ഇത് നടപ്പായില്ല.
വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി, പിഎം ശ്രീ, വിഴിഞ്ഞം തുടങ്ങിയ വിഷയങ്ങളിൽ കൂട്ടായ പ്രക്ഷോഭം വേണമെന്നതാണ് ഘടകകക്ഷികളുടെ ആവശ്യം. എൽഡിഎഫ് ഏകോപിതമായി യുഡിഎഫിനെതിരെ പ്രതിഷേധം ശക്തമാക്കണമെന്നും അവർ ആവശ്യപ്പെടുന്നു.
എന്നാൽ യോഗം വിളിച്ചാൽ ഉപ പ്രതിപക്ഷ നേതൃപദവി സംബന്ധിച്ച് സിപിഐക്കും മറ്റ് ഘടകകക്ഷികൾക്കും ഇടയിൽ വ്യത്യസ്ത നിലപാട് ഉയരുമെന്ന ആശങ്ക സിപിഐഎമ്മിനുണ്ടെന്നാണ് വിവരം. എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ ചികിത്സയിലാണെന്ന വിശദീകരണം മുൻപ് നൽകിയിരുന്നെങ്കിലും ഇപ്പോൾ യോഗം വൈകുന്നതിനുള്ള കാരണം വ്യക്തമല്ലെന്ന് ഘടകകക്ഷികൾ പറയുന്നു.
ഇതിനിടെ വിഷയത്തിൽ പ്രതികരിച്ച കെ. രാജൻ എംഎൽഎ, യോഗം ചേരാത്തത് എന്തുകൊണ്ടാണെന്ന് എൽഡിഎഫ് കൺവീനറോട് ചോദിക്കണമെന്നും ഉപനേതൃപദവി സംബന്ധിച്ച് സിപിഐയുടെ നിലപാട് ഉറച്ചതാണെന്നും വ്യക്തമാക്കി.




