തൃശ്ശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ പ്രതികളായ മുതിർന്ന സിപിഎം നേതാക്കൾ കോടതിയിൽ ഹാജരായി. എ.സി. മൊയ്തീൻ, കെ. രാധാകൃഷ്ണൻ, എം.കെ. വർഗീസ് എന്നിവർ കലൂർ പിഎംഎൽഎ കോടതിയിലാണ് ഹാജരായത്. കേസിൽ ഇഡി സമർപ്പിച്ച രണ്ടാംഘട്ട കുറ്റപത്രത്തിൽ ഇവരെ പ്രതികളാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതിയിൽ ഹാജരാകൽ നടന്നത്.
കരുവന്നൂർ ബാങ്കിൽ 2012-13 കാലഘട്ടത്തിൽ ഭരണസമിതിയുടെ നേതൃത്വത്തിൽ ക്രമക്കേട് ആരംഭിച്ചതായാണ് ഇഡി കണ്ടെത്തൽ. പിന്നീട് പാർട്ടി നേതൃത്വത്തിലുള്ള സബ് കമ്മിറ്റി ഇടപെട്ട് വഴിവിട്ട വായ്പകൾ അനുവദിച്ചതായും, ഇവ തിരിച്ചടച്ചില്ലെന്നും അന്വേഷണത്തിൽ പറയുന്നു.
2017ൽ പാർട്ടി ഓഫീസ് നിർമ്മാണത്തിനായി പ്രത്യേക അക്കൗണ്ടുകൾ തുടങ്ങിയതും, കമ്മിഷൻ പണം ഉൾപ്പെടെ ഈ അക്കൗണ്ടുകളിലേക്ക് എത്തിയതായും ഇഡി ആരോപിക്കുന്നു. ഈ പണം ഉപയോഗിച്ചാണ് ഓഫീസ് നിർമ്മിച്ചതെന്നാണ് കണ്ടെത്തൽ.
വിവിധ കാലഘട്ടങ്ങളിൽ ജില്ലാ നേതൃത്വത്തിൽ ഉണ്ടായിരുന്ന നേതാക്കളുടെ നിർദേശങ്ങളുടെയും ഇടപെടലുകളുടെയും അടിസ്ഥാനത്തിലാണ് നടപടികൾ നടന്നതെന്നും ഇഡി കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ പ്രതി പട്ടികയും കോടതി നടപടികളും.




