ന്യൂഡൽഹി: രാജ്യത്തെ വിവിധ മത്സരപരീക്ഷകളിലുണ്ടായ ക്രമക്കേടുകളിൽ പ്രതിഷേധിച്ച് ഡൽഹിയിലെ ജന്തർ മന്തറിൽ കാലാവസ്ഥാ പ്രവർത്തകനായ സോനം വാങ്‌ചുക്ക് നടത്തുന്ന നിരാഹാര സമരം ഏഴാം ദിവസത്തിലേക്ക് കടന്നു.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ടാണ് കോക്‌റോച്ച് ജനത പാർട്ടി (സിജെപി)യുടെ നേതൃത്വത്തിൽ സമരം നടക്കുന്നത്.
സമരം ഏഴ് ദിവസം പിന്നിടുന്നതിനിടെ സോനം വാങ്‌ചുക്കിന്റെ ആരോഗ്യനില വഷളായതായി സംഘാടകർ അറിയിച്ചു. ഇതുവരെ അഞ്ച് കിലോഗ്രാം ഭാരം കുറഞ്ഞതായും ആരോഗ്യനില ആശങ്കാജനകമാണെന്നും സമരസമിതി അവകാശപ്പെട്ടു.
രാജ്യത്ത് സമീപകാലത്ത് വിവിധ പരീക്ഷകളിലുണ്ടായ ക്രമക്കേടുകളുടെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവെക്കണമെന്നും പരീക്ഷാ സംവിധാനത്തിൽ സുതാര്യത ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
ലക്ഷക്കണക്കിന് വിദ്യാർഥികളുടെ ഭാവിയെ ബാധിക്കുന്ന വിഷയമാണിതെന്നും പരീക്ഷാ നടത്തിപ്പിലെ വീഴ്ചകൾ ആവർത്തിക്കാതിരിക്കാൻ ശക്തമായ പരിഷ്‌കാരങ്ങൾ നടപ്പാക്കണമെന്നും സമരസമിതി ആവശ്യപ്പെട്ടു. വിഷയത്തിൽ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്ന ആവശ്യവും പ്രതിഷേധക്കാർ ഉയർത്തുന്നുണ്ട്.


