കൊച്ചി: നടൻ ടിനി ടോമുമായി ബന്ധപ്പെട്ട വിഷയത്തിൽ രമേഷ് പിഷാരടിയെ കുറ്റപ്പെടുത്തിയെന്ന വാർത്തകൾ തെറ്റാണെന്ന് നടി അൻസിബ ഹസ്സൻ. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് അൻസിബ വിശദീകരണം നൽകിയത്. ടിനി ടോം ആവശ്യപ്പെട്ട പ്രകാരം മാപ്പ് എഴുതി നൽകണമെന്ന കാര്യം തന്നെ അറിയിക്കുക മാത്രമാണ് രമേഷ് പിഷാരടി ചെയ്തതെന്നും അതിൽ മറ്റൊന്നുമില്ലെന്നും അവർ പറഞ്ഞു.
ഒരു സഹപ്രവർത്തകൻ എന്ന നിലയിലും ജനപ്രതിനിധി എന്ന നിലയിലും പ്രശ്നം പരിഹരിക്കാൻ രമേഷ് പിഷാരടി ആത്മാർഥമായി ശ്രമിച്ചിരുന്നുവെന്നും അൻസിബ വ്യക്തമാക്കി. രമേഷ് പിഷാരടിയെ താൻ ഒരിക്കലും കുറ്റപ്പെടുത്തിയിട്ടില്ലെന്നും, ഇത്തരത്തിലുള്ള തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന വാർത്തകൾ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും അൻസിബ അഭ്യർഥിച്ചു.


