കുവൈത്ത് സിറ്റി: കുവൈത്തിൽ ആഭ്യന്തര മന്ത്രാലയം നടത്തിയ വ്യാപക ലഹരിവേട്ടയിൽ ഏഴ് വ്യത്യസ്ത കേസുകളിലായി 10 പേരെ അറസ്റ്റ് ചെയ്തു. പ്രതികളിൽ നിന്ന് വൻ തോതിൽ മയക്കുമരുന്നുകളും ലഹരി വിൽപ്പനയ്ക്ക് ഉപയോഗിച്ച ഉപകരണങ്ങളും പണവും പിടിച്ചെടുത്തു.
റെയ്ഡിൽ 20,000 ക്യാപ്റ്റഗൺ ഗുളികകൾ, 500 ഗ്രാം ഹാഷിഷ്, 84 ഗ്രാം മെത്താംഫെറ്റമിൻ, സൈക്കോട്രോപിക് ഗുളികകൾ, ലിറിക്ക ക്യാപ്സ്യൂളുകൾ, ലഹരി പായ്ക്ക് ചെയ്യാനുള്ള ഉപകരണങ്ങൾ എന്നിവയ്ക്കൊപ്പം 1,940 കുവൈത്തി ദിനാറും അധികൃതർ കണ്ടെടുത്തു.
ഒരു കേസിൽ ക്യാപ്റ്റഗൺ വിൽപ്പന നടത്തിയതായി സംശയിക്കുന്ന പ്രതി പൊലീസ് വാഹനങ്ങളിൽ ഇടിച്ചുകയറി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സുരക്ഷാസേന ഇയാളെ കീഴടക്കി അറസ്റ്റ് ചെയ്തു.
അറസ്റ്റിലായ എല്ലാവരെയും പിടിച്ചെടുത്ത തെളിവുകൾ സഹിതം തുടർ നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.













