കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയില്‍ ജ്യേഷ്ഠന് അനുജനെ കൊലപ്പെടുത്തി.കൊടുവള്ളി വലിയപറമ്പ് സ്വദേശി പ്രസാദ് (50) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ജ്യേഷ്ഠനായ പ്രമോദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. വീട്ടിൽ പ്രസാദും പ്രമോദും മാത്രമാണ് താമസിച്ചിരുന്നതെന്ന് പൊലീസ് അറിയിച്ചു. ഇരുവരും തമ്മിൽ നേരത്തേ മുതൽ സ്വത്ത് സംബന്ധമായ തർക്കം നിലനിന്നിരുന്നു. ഇതുമായി ബന്ധപ്പെട്ടുണ്ടായ വാക്കുതർക്കത്തിനിടെയാണ് പ്രമോദ് പ്രസാദിനെ കുത്തിക്കൊലപ്പെടുത്തിയത്.
സംഭവവിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. കസ്റ്റഡിയിലെടുക്കുമ്പോൾ പ്രതി മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം പ്രസാദിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റും. സംഭവത്തിൽ പൊലീസ് കൂടുതൽ അന്വേഷണം തുടരുകയാണ്.


