കന്യാകുമാരി: വേതന തർക്കത്തെ തുടർന്ന് മുൻ ജീവനക്കാരിയുടെ വീട്ടിലെത്തി അതിക്രമം നടത്തിയെന്ന പരാതിയിൽ മെഡിക്കൽ സ്റ്റോർ ഉടമയ്ക്കെതിരെ കേസ് . കന്യാകുമാരി ജില്ലയിലെ കരുങ്കല്ലിനടുത്താണ് സംഭവം. മെഡിക്കൽ സ്റ്റോർ ഉടമ ഷാജിലയ്ക്കെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്.
കരുങ്കൽ സ്വദേശിനിയായ കാവോസിമയുടെ വീട്ടിലെത്തിയ ഷാജില വീടിന്റെ ജനൽച്ചില്ലുകൾ എറിഞ്ഞ് തകർത്തതായും വീട്ടിലുണ്ടായിരുന്ന കുടുംബാംഗങ്ങളെ കയ്യേറ്റം ചെയ്തതായും പരാതിയിൽ പറയുന്നു. സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
ഷാജിലയുടെ മെഡിക്കൽ സ്റ്റോറിൽ ഒന്നര വർഷത്തോളം കാവോസിമ ജോലി ചെയ്തിരുന്നു. ദിവസവേതനമായി 300 രൂപ മാത്രമാണ് ലഭിച്ചിരുന്നതെന്നും കൂടുതൽ വേതനം ആവശ്യപ്പെട്ടെങ്കിലും അനുവദിക്കാത്തതിനെ തുടർന്ന് ജോലി ഉപേക്ഷിക്കുകയായിരുന്നുവെന്നുമാണ് വിവരം. ഇതിലുള്ള പ്രകോപനമാണ് ആക്രമണത്തിന് കാരണമായതെന്നാണ് പരാതി.
സംഭവത്തിൽ കാവോസിമ കരുങ്കൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.




