വാഷിങ്ടൺ: ലോകത്തിലെ ഏറ്റവും വലിയ ബഹുരാഷ്ട്ര നാവികാഭ്യാസമായ റിം ഓഫ് പസഫിക് എക്സർസൈസ് (റിംപാക്) 2026-ൽ പങ്കെടുക്കാൻ ഇന്ത്യൻ നാവികസേനയുടെ പി-8ഐ സമുദ്ര നിരീക്ഷണ വിമാനം ഹവായിയിലെത്തി. യു.എസ്. പസഫിക് ഫ്ലീറ്റിന്റെ നേതൃത്വത്തിൽ ജൂൺ 24 മുതൽ ആരംഭിച്ച അഭ്യാസത്തിൽ പങ്കെടുക്കുന്ന 30 രാജ്യങ്ങളിൽ ഇന്ത്യയും ഉൾപ്പെടുന്നു. ജൂലൈ 31 വരെ ഹവായ് ദ്വീപും പരിസര പ്രദേശങ്ങളും കേന്ദ്രീകരിച്ചാണ് പരിശീലനം നടക്കുന്നത്.
സ്വതന്ത്രവും സുരക്ഷിതവുമായ ഇൻഡോ-പസഫിക് മേഖലയോടുള്ള ഇന്ത്യയുടെ പ്രതിബദ്ധതയുടെ ഭാഗമായാണ് റിംപാക്കിലെ പങ്കാളിത്തമെന്ന് യു.എസിലെ ഇന്ത്യൻ സ്ഥാനപതികാര്യാലയം അറിയിച്ചു. 1971-ൽ ആരംഭിച്ച റിംപാക്കിന്റെ 30-ാം പതിപ്പാണ് ഇത്തവണ നടക്കുന്നത്. “Partners: Integrated and Prepared” (പങ്കാളികൾ: സംയോജിതരും സജ്ജരും) എന്നതാണ് ഈ വർഷത്തെ പ്രമേയം.
30 രാജ്യങ്ങളിൽ നിന്നായി 30-ലധികം യുദ്ധക്കപ്പലുകളും അഞ്ച് അന്തർവാഹിനികളും 206-ലധികം വിമാനങ്ങളും 15 രാജ്യങ്ങളിൽ നിന്നുള്ള കരസേനാ വിഭാഗങ്ങളും ഏകദേശം 30,000 സൈനികരും ഈ വർഷത്തെ റിംപാക് അഭ്യാസത്തിൽ പങ്കെടുക്കുന്നുണ്ട്.
സമുദ്രപാതകളുടെ സുരക്ഷ ശക്തിപ്പെടുത്തുക, സഖ്യരാജ്യങ്ങൾ തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുക, വിവിധ രാജ്യങ്ങളുടെ സേനകൾ തമ്മിലുള്ള സംയുക്ത പ്രവർത്തനശേഷി വർധിപ്പിക്കുക എന്നിവയാണ് റിംപാക് നാവികാഭ്യാസത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ.




