തിരുവനന്തപുരം: നഗരത്തിലെ തട്ടുകടകളിൽ തിരുവനന്തപുരം നഗരസഭാ സ്‌ക്വാഡിന്റെ നേതൃത്വത്തിൽ വ്യാപക പരിശോധന നടത്തി. വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണം വിതരണം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കുന്നതിനായാണ് പരിശോധന നടത്തിയത്.
12 സ്‌ക്വാഡുകളായി തിരിഞ്ഞ് നഗരത്തിലെ വിവിധ ഭാഗങ്ങളിലായിരുന്നു പരിശോധന. വഴുതക്കാട്, ബേക്കറി ജംഗ്ഷൻ, യൂണിവേഴ്‌സിറ്റി കോളേജ് പരിസരം, മെഡിക്കൽ കോളജ് തുടങ്ങിയ സ്ഥലങ്ങളിലെ തട്ടുകടകളിലാണ് പ്രധാനമായും പരിശോധന നടന്നത്.
പരിശോധനയുടെ ഭാഗമായി വഴുതക്കാടിലെ നാല് കടകൾക്ക് നോട്ടീസ് നൽകിയതായി അധികൃതർ അറിയിച്ചു. തുടർ നടപടികൾ സ്വീകരിക്കുമെന്നും നഗരസഭ വ്യക്തമാക്കി.
അതേസമയം, തട്ടുകട ഉടമകൾക്കായി പരിശീലന പരിപാടി സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഈ മാസം 10-ന് തിരുവനന്തപുരം കോർപ്പറേഷൻ ഓഫീസിൽ വെച്ചായിരിക്കും പരിശീലനം നടത്തുക. ഭക്ഷ്യസുരക്ഷയും ശുചിത്വ മാനദണ്ഡങ്ങളും സംബന്ധിച്ച ബോധവൽക്കരണമാണ് ലക്ഷ്യം.




