കോഴിക്കോട്: പൊതുസ്ഥലത്ത് മദ്യപിച്ചത് ചോദ്യം ചെയ്ത പൊലീസുകാരക്ക് നേരെ ഓട്ടോ ഇടിപ്പിച്ച് ആക്രമിക്കാൻ ശ്രമിച്ച സംഭവത്തിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച വൈകുന്നേരമാണ് സംഭവം. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി എസ്.കെ. ടെമ്പിൾ റോഡിൽ മഫ്തിയിൽ പട്രോളിങ് നടത്തുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. കോഴിക്കോട് കസബ പൊലീസ് സ്റ്റേഷനിലെ സീനിയർ സിപിഒ ടി.കെ. രഞ്ജിത്തും സിപിഒ അനൂപ് ലാലും ഡ്യൂട്ടിയിലായിരുന്നു.
വഖഫ് ബോർഡ് ബിൽഡിങ്ങിന് സമീപം മൂന്ന് പേർ പൊതുസ്ഥലത്ത് മദ്യപിക്കുന്നത് പൊലീസുകാർ ശ്രദ്ധിച്ചു. തുടർന്ന് കക്കോടി സ്വദേശി മുഹമ്മദ് ഹാഷി (38)യുടെ പേരും വിവരങ്ങളും രേഖപ്പെടുത്തി മുന്നറിയിപ്പ് നൽകി വിട്ടയച്ചു.
അൽപസമയത്തിന് ശേഷം മുഹമ്മദ് ഹാഷി ഓട്ടോ പൊലീസുകാർക്ക് നേരെ ഓടിച്ച് ഇടിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതി. തുടർന്ന് ഓട്ടോയിൽ നിന്ന് ഇറങ്ങിയ ഇയാളും കൂടെയുണ്ടായിരുന്നവരും പൊലീസുകാരെ പിടിച്ചുവെച്ച് മർദിച്ചതായും പരാതിയിൽ പറയുന്നു. സീനിയർ സിപിഒ ടി.കെ. രഞ്ജിത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് മുഹമ്മദ് ഹാഷിയെ അറസ്റ്റ് ചെയ്തു. സംഭവത്തിൽ മറ്റ് പ്രതികൾക്കായി അന്വേഷണം തുടരുകയാണ്.




